ന്യൂഡല്‍ഹി: കോവിഡ് പ്രതിരോധശക്തി വര്‍ധിപ്പിക്കുന്നതിനായി സ്‌കൂള്‍ കുട്ടികള്‍ക്ക് ഹോമിയോ മരുന്നായ ആര്‍സനിക് ആല്‍ബം നല്‍കുന്നതിന് എതിരായ ഹര്‍ജിയില്‍ സുപ്രീം കോടതി നോട്ടീസ് അയച്ചു. കേന്ദ്ര സര്‍ക്കാരിനും, കേരള സര്‍ക്കാരിനും, സെന്‍ട്രല്‍ കൗണ്‍സില്‍ ഫോര്‍ റിസര്‍ച്ച് ഹോമിയോപ്പതിക്കും ആണ് നോട്ടീസ്. ജസ്റ്റിസ് വിനീത് ശരണ്‍ അധ്യക്ഷനായ ബെഞ്ചാണ് നോട്ടീസ് അയച്ചത്.
ആര്‍സനിക് ആല്‍ബം കോവിഡ് പ്രതിരോധം ശക്തമാക്കുമെന്ന് ഒരു ശാസ്ത്രീയ പഠനത്തിലും തെളിഞ്ഞിട്ടില്ലെന്ന് ഡോ. സിറിയക് അബി ഫിലിപ്പിന് വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ ആനന്ദ് ഗ്രോവറും, അഭിഭാഷകന്‍ പ്രശാന്ത് പദ്മനാഭനും വാദിച്ചു. എന്നാല്‍ ഇത് പോലുള്ള മരുന്നുകള്‍ക്ക് പാര്‍ശ്വ ഫലങ്ങള്‍ ഉണ്ടെന്ന കാര്യം പഠനങ്ങളില്‍ തെളിഞ്ഞിട്ടുണ്ടെന്നും ഗ്രോവര്‍ ചൂണ്ടിക്കാട്ടി.
കോവിഡ് പ്രതിരോധത്തിന് സ്‌കൂള്‍ കുട്ടികള്‍ക്ക് ഹോമിയോ മരുന്ന് നല്‍കാനുള്ള കേരള സര്‍ക്കാര്‍ തീരുമാനം സ്റ്റേ ചെയ്യണം എന്ന് ഹര്‍ജിക്കാര്‍ കോടതിയില്‍ ആവശ്യപ്പെട്ടു. ഈ ആവശ്യത്തിലും സുപ്രീംകോടതി നോട്ടീസ് അയച്ചു.