ന്യൂഡൽഹി: ആം ആദ്മി പാർട്ടി നേതാവ് സഞ്ജയ് സിങ്ങിനെതിരായ ക്രിമിനൽ മാനനഷ്ടകേസ് സുപ്രീം കോടതി സ്റ്റേ ചെയ്തു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അകാദമിക് ബിരുദത്തെക്കുറിച്ചുള്ള പരാമർശത്തിൽ ഗുജറാത്ത് കോടതിയിൽ നിലനിൽക്കുന്ന ക്രിമിനൽ മാനനഷ്ടക്കേസാണ് സുപ്രീം കോടതി സ്റ്റേ ചെയ്തത്.
ജസ്റ്റിസുമാരായ ബി.ആർ ഗവായ്, സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ച് വിചാരണ ഗുജറാത്തിന് പുറത്തേക്ക് മാറ്റണമെന്ന സിങ്ങിന്റെ അപേക്ഷ പരിഗണിച്ചില്ല. എന്നാൽ ഇടക്കാലാശ്വാസം അനുവദിക്കുന്നതിനോ നിരസിക്കുന്നതിനോ ഹൈക്കോടതി തീരുമാനിക്കുന്നത് വരെ നടപടികൾ സ്റ്റേ ചെയ്തിരിക്കുമെന്ന് കോടതി വ്യക്തമാക്കി.
ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും മാനനഷ്ടക്കേസിൽ പ്രതിയാണ്. കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലാണെന്ന് അറിയിച്ചിട്ടും സഞ്ജയ് സിങ്ങിനോട് ഡിസംബർ 28 ന് ഗുജറാത്ത് കോടതി ഹാജരാക്കാൻ ആവശ്യപ്പെട്ടിരുന്നു.
സ്റ്റേ ആവശ്യപ്പെട്ടുള്ള അപ്പീൽ ഹൈക്കോടതിയുടെ പരിഗണനയിലിരിക്കെ തന്റെ കക്ഷിയെ കുറ്റക്കാരനാക്കി അയോഗ്യനാക്കാനാണ് ഉദ്ദേശ്യമെന്ന് സഞ്ജയ് സിങ്ങിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ അഭിഷേക് മനു സിങ്വി പറഞ്ഞു. കേസിലെ പരാതിക്കാരായ ഗുജറാത്ത് സർവകലാശാലക്കെതിരെ സഞ്ജയ് സിങ് ഒന്നും പറഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. അയോഗ്യത ഉത്തരവ് പുറപ്പെടുവിച്ചാൽ അത് പരിശോധിക്കാൻ സുപ്രീം കോടതിയുണ്ടെന്നും ഒരു മാസത്തിനകം വിഷയം തീർപ്പാക്കാൻ ഹൈകോടതിയോട് നിർദേശിക്കുമെന്നും ബെഞ്ച് വ്യക്തമാക്കി