ന്യൂഡൽഹി: ഷിൻഡെ വിഭാഗത്തിന് ശിവസേനയുടെ യഥാർത്ഥ പേരും ചിഹ്നവും നൽകിയ തെരഞ്ഞെടുപ്പ് കമീഷൻ നടപടിക്കെതിരെ മുൻ മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ സമർപ്പിച്ച ഹരജി ജൂലൈ 31ന് പരിഗണിക്കുമെന്ന് സുപ്രീംകോടതി. ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്, ജസ്റ്റിസ് പി.എസ് നരസിംഹ എന്നിവരടങ്ങിയ ബെഞ്ചാണ് ഉത്തരവിറക്കിയത്.
കഴിഞ്ഞ വർഷം ശിവസേനയിൽ പിളർപ്പുണ്ടായപ്പോഴാണ് യഥാർത്ഥ ശിവസേന തങ്ങളാണെന്ന് ഷിൻഡെ വിഭാഗം അവകാശപ്പെട്ടത്. ഫെബ്രുവരിയിൽ ഏക്നാഥ് ഷിൻഡെ വിഭാഗം യഥാർത്ഥ ശിവസേനയാണെന്നും തെരഞ്ഞെടുപ്പിൽ ഷിൻഡെ വിഭാഗത്തിന് അമ്പും വില്ലും ചിഹ്നം ഉപയോഗിക്കാമെന്നും തെരഞ്ഞെടുപ്പ് കമീഷൻ വ്യക്തമാക്കിയിരുന്നു.
അന്ദേരി ഈസ്റ്റ് തെരഞ്ഞെടുപ്പിന് മുന്നോടിയായിരുന്നു താക്കറെ വിഭാഗത്തിന് തീപ്പന്തം ചിഹ്നമായി അനുവദിച്ചത്. ശിവസേന (ഉദ്ധവ് ബാലാസാഹെബ് താക്കറെ) എന്ന പേരാണ് താക്കറെ വിഭാഗത്തിന് കമീഷൻ നൽകിയത്. പാർട്ടിയുടെ യഥാർത്ഥ ചിഹ്നത്തെ ചൊല്ലി ഇരുവിഭാഗങ്ങളും അവകാശവാദം ഉന്നയിച്ചിരുന്നു. ഷിൻഡെ പക്ഷം സ്വമേധയാ പാർട്ടി വിട്ടതാണെന്നും അവർക്ക് പാർട്ടി ചിഹ്നത്തിൽ അവകാശവാദം ഉന്നയിക്കാനാകില്ലെന്നും താക്കറെ തെരഞ്ഞെടുപ്പ് കമീഷനെ അറിയിച്ചിരുന്നു. എന്നാൽ ഇത് തള്ളിയ തെരഞ്ഞെടുപ്പ് കമ്മീഷൻ യഥാർത്ഥ ശിവസേനയുടെ പേരും ചിഹ്നവും ഷിൻഡെ വിഭാഗത്തിന് നൽകുകയായിരുന്നു.