കൊച്ചി: സ്റ്റാർട്ടപ്പുകൾ തുടങ്ങാൻ ആഗ്രഹിക്കുന്നവർക്ക് പ്രചോദനമായി സ്‌കെയിൽ അപ് കോൺക്ലേവിലെ നാല് വിജയഗാഥകൾ. ഇന്റർവെൽ ഇല്ലാത്ത യാത്രയിലൂടെ ‘ഇന്റർവെൽ’ ഇൻഡിവിജ്വൽ ട്യൂഷൻ കൺസെപ്റ്റിനെ വിജയത്തിലെത്തിച്ച റമീസ് അലിയും നാല് കൂട്ടുകാരും മുപ്പത്തൊമ്പതിലധികം രാജ്യങ്ങളിലാണ് അവരുടെ ബിസിനസ് സാമ്രാജ്യം പണിതുയർത്തിയത്. സ്‌കൂൾ വിദ്യാര്‍ഥികള്‍ക്ക് ഓൺലൈനായി പരിശീലനം നൽകുന്ന പ്ലാറ്റ്‌ഫോമാണ് ഇന്റർവെൽ. 1500 രൂപയ്ക്ക് വാടകക്കെട്ടിടത്തിൽ തുടങ്ങിയ ഇന്റർവെൽ ഇന്ന് കോടികള്‍ വരുമാനം നേടുന്ന കമ്പനിയാണ്. 2021ൽ ആരംഭിച്ച സ്ഥാപനം കോവിഡിൽ തളർന്നുപോയപ്പോഴും അഞ്ച് ചങ്ങാതിമാരുടെ കൂട്ടായ പരിശ്രമം വിജയം കണ്ടു.
സാമൂഹിക പ്രശ്‌നങ്ങൾക്ക് സാങ്കേതികവിദ്യയിലൂടെ പരിഹാരം കാണുന്ന “ജെൻ റോബോട്ടിക്‌സ്’ ഇന്ന് രാജ്യാന്തരതലത്തിൽ ശ്രദ്ധിക്കപ്പെടുന്ന കമ്പനിയാണ്. മാൻഹോളിൽ ഇറങ്ങി രണ്ട് തൊഴിലാളികള്‍ ജീവൻ വെടിഞ്ഞ പത്രവാർത്തയിൽനിന്നാണ് ജെൻ റോബോട്ടിക്‌സ് എന്ന ആശയത്തിന്റെ തുടക്കം. അപകടകരമായ ജോലി ചെയ്യുന്നവരെ സാങ്കേതികവിദ്യയിലൂടെ സഹായിക്കുക എന്ന ലക്ഷ്യത്തോടെ 2017ലാണ് സ്ഥാപനത്തിന് തുടക്കംകുറിച്ചതെന്ന് ജെൻ റോബോട്ടിക്‌സ് ഉടമ കെ റാഷിദ് പറഞ്ഞു.
എയ്‌സ് മണി ഉടമ നിമിഷ ജെ വടക്കനും ഇലക്ട്രിക് ബോട്ട് നിർമാണ കമ്പനിയായ നോവാൾട്ട് സിഎംഒ അർജുൻ സേതുനാഥും തങ്ങളുടെ സ്റ്റാർട്ടപ്പുകളുടെ വിജയകഥ കോൺക്ലേവിൽ പങ്കുവച്ചു.
കേരളത്തിൽ വ്യാവസായിക സൗഹൃദ ചുറ്റുപാട് ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ കെഎസ്ഐഡിസി, കേരള സ്റ്റാർട്ടപ് മിഷൻ, ഡിപ്പാർട്‌മെന്റ് ഓഫ് ഇൻഡസ്ട്രീസ് ആൻഡ് കൊമേഴ്‌സ്, ഇൻവെസ്റ്റ് കേരള എന്നിവ ചേർന്നാണ് മറൈൻഡ്രൈവ് ഹോട്ടൽ താജ് വിവാന്റയിൽ സ്‌കെയിൽ അപ് കോൺക്ലേവ് -സംഘടിപ്പിച്ചത്.