തിരുവനന്തപുരം: പ്രസവ ശസ്ത്രക്രിയയ്ക്കിടെ വയറ്റില്‍ കത്രിക മറന്നുവച്ച കേസിലെ ഒന്നാം പ്രതിയ്ക്ക് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ പൊലീസ് നോട്ടീസ് നല്‍കി. ഒന്നാം പ്രതി സി കെ രമേശന് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിയാണ് നോട്ടീസ് നല്‍കിയത്. ഏഴു ദിവസത്തിനകം മെഡിക്കല്‍ കോളേജ് എസിപിക്ക് മുന്‍പില്‍ ഹാജരാകാന്‍ നോട്ടീസ് നല്‍കിയിരിക്കുന്നത്.
മഞ്ചേരി മെഡിക്കല്‍ കോളേജിലെ ഗൈനക്കോളജിസ്റ്റാണ് ഒന്നാം പ്രതി സികെ രമേശന്‍. ഇന്നലെയാണ് സികെ രമേശന് നോട്ടീസ് നല്‍കിയത്. കേസിലെ രണ്ടാം പ്രതിക്ക് ഇന്ന് ഹജരാകാന്‍ ആവശ്യപ്പെട്ട് നോട്ടീസ് നല്‍കും. കോട്ടയം മാതാ ആശുപത്രിയിലെ ഡോ. ഷഹാനായണ് രണ്ടാം പ്രതി. മറ്റു പ്രതികളായ നഴ്‌സുമാരായ എം രഹ്ന, കെജി മഞ്ജു എന്നിവര്‍ക്കും നോട്ടീസ് നല്‍കും.
സിആര്‍പിസി 41 എ പ്രകാരം ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നോട്ടീസ്. നേരത്തെ എഫ്‌ഐആറില്‍ പ്രതികള്‍ ആയിരുന്ന മൂന്ന് ഡോക്ടര്‍മാര്‍ കുറ്റക്കാരല്ല എന്നു കണ്ടെത്തി പൊലീസ് ഒഴിവാക്കിയിരുന്നു. കേസില്‍ 76 സാക്ഷി മൊഴി രേഖപ്പെടുത്തി എന്നും പൊലീസ് അന്വേഷണ റിപ്പോര്‍ട്ടിലുണ്ട്.
പന്തീരാങ്കാവ് മലയില്‍ക്കുളങ്ങര അഷ്‌റഫിന്റെ ഭാര്യ ഹര്‍ഷിനക്ക് 2017 നവംബര്‍ 30നായിരുന്നു മെഡിക്കല്‍ കോളേജില്‍ പ്രസവ ശസ്ത്രക്രിയ നടത്തിയത്. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നടത്തിയ പ്രസവ ചികിത്സക്ക് ശേഷം ഹര്‍ഷിനക്ക് ശാരീരിക പ്രയാസങ്ങള്‍ അനുഭവപ്പെട്ടിരുന്നു. നിരവധി ചികിത്സകള്‍ തേടിയെങ്കിലും ഫലമുണ്ടായില്ല. പിന്നീട് മാസങ്ങള്‍ക്ക് ശേഷം നടത്തിയ സ്‌കാനിംഗിലാണ് വയറ്റില്‍ കത്രിക കുടുങ്ങിയതായി കണ്ടെത്തിയത്.