കോട്ടയം : ഹെൽമറ്റ് ഉപയോഗിച്ച് സ്കൂട്ടർ ഉടമയെ അടിച്ചിട്ട ശേഷം ഇരുചക്രവാഹനവുമായി മുങ്ങിയ രണ്ടുപേർ പിടിയിൽ. കോട്ടയം ചങ്ങനാശേരി കറുകച്ചാലിലാണ് സംഭവം. മണർകാട് സ്വദേശി ആലപ്പാട് ഷിനു (30) തിരുവഞ്ചൂർ സ്വദേശി മണിയാറ്റുങ്കൽ അനന്ദു (23) എന്നിവരാണ് അറസ്റ്റിലായത്. സ്കൂട്ടറുടമ അയർക്കുന്നം ഗൂർഖണ്ഡസാരി സന്തോഷ് ഭവനിൽ ഡെന്നീസ് ജോസഫ് ആക്രമണത്തിൽ (51) പരുക്കേറ്റ് ചികിത്സയിലാണ്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് ഒന്നരയോടെ നീറികാട് ഗൂർഖണ്ഡസാരി റോഡിലാണ് സംഭവം. റോഡരികിൽ സ്കൂട്ടർ നിറുത്തി ഫോണിൽ സംസാരിച്ചുകൊണ്ടിരുന്ന ഡെന്നീസിനെ ഷിനുവും അനന്ദുവും ചേർന്ന് ആക്രമിച്ച് വാഹനവുമായി കടന്നുകളയുകയായിരുന്നു. തുടർന്ന് വാഹനത്തിന്റെ നമ്പർ മാറ്റി. ഇവർ ബിവറേജസിന് സമീപമെത്തിയ ശേഷം അവിടെയെത്തിയവരോട് സ്കൂട്ടർ വിൽക്കാനുണ്ടെന്നും കുറഞ്ഞ വിലയ്ക്ക് നൽകാമെന്നും പറഞ്ഞു. സംശയം തോന്നിയ ഒരാൾ കറുകച്ചാൽ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു.