തിരുവനന്തപുരം: എസ്.ഡി.പി.ഐ ലോക്സഭ തെരഞ്ഞെടുപ്പിൽ യു.ഡി.എഫിന് പിന്തുണ പ്രഖ്യാപിച്ച സാഹചര്യത്തിൽ വിമർശനവുമായി എൽ.ഡി.എഫ് കൺവീനർ ഇ.പി. ജയരാജൻ രംഗത്ത്. വാഗ്ദാനം നല്‍കിയാണ് കോണ്‍ഗ്രസ് എസ്.ഡി.പി.ഐയെ പാട്ടിലാക്കിയിരിക്കുകയാണെന്ന് ജയരാജന്‍ പറഞ്ഞു. പിന്തുണക്കായി വി.ഡി. സതീശനും കൂട്ടരും കുറേ നാളായി എസ്.ഡി.പി.ഐയെ പിന്തുടരുകയായിരുന്നു. നിരോധിക്കപ്പെട്ട പി.എഫ്.ഐയുടെ രാഷ്ട്രീയമുഖം ആണ് കോണ്‍ഗ്രസിനെ പിന്തുണയ്ക്കുന്നത്. കോണ്‍ഗ്രസിന്‍റെ വര്‍ഗീയപ്രീണനനയവും അധഃപതനവുമാണിതെന്ന് ജയരാജൻ കുറ്റപ്പെടുത്തി.
വി.ഡി. സതീശനും കൂട്ടരും കൂറെ നാളുകളായി എസ്.പി.ഐ.യെ പിൻതുടരുകയായിരുന്നു. അവരുടെ നേതാക്കളെ നേരിൽ കണ്ട് സഹായം അഭ്യർത്ഥിച്ചതിെൻറ അടിസ്ഥാനത്തിലാണ് ഇപ്പോൾ പിന്തുണ നൽകിയിരിക്കുന്നത്. ആർ.എസ്.എസ് സംഘ്പരിവാർ സംഘടനകൾക്ക് ന്യൂനപക്ഷങ്ങളെ ആക്രമിക്കുന്നതിന് വഴിയൊരുക്കുകയാണ് ഇതുവഴി സംഭവിക്കുന്നതെന്നും ഇ.പി. ജയരാജൻ പറഞ്ഞു
.
യു.ഡി.എഫിനെ പിന്തുണക്കും
കേരളത്തിൽ എസ്.ഡി.പി.ഐ മത്സരിക്കില്ലെന്നും യു.ഡി.എഫിനെ പിന്തുണക്കുമെന്നും സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അഷ്റഫ് മൗലവി വാർത്ത സമ്മേളനത്തിൽ അറിയിച്ചു. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പില്‍ കേരളത്തിലെ ഒമ്പത് മണ്ഡലങ്ങളിൽ മത്സരിച്ച പാർട്ടി ഇത്തവണ മത്സരിക്കേണ്ടതില്ലെന്നാണ് സംസ്ഥാന കമ്മിറ്റി തീരുമാനം. വര്‍ത്തമാന ഇന്ത്യന്‍ സാഹചര്യം വിലയിരുത്തിയാണ് തീരുമാനമെടുത്തത്. കേരളത്തിലെ മുഴുവന്‍ മണ്ഡലങ്ങളിലും യു.ഡി.എഫ് സ്ഥാനാര്‍ഥികള്‍ക്ക് പിന്തുണ നല്‍കും. ദേശീയ തലത്തില്‍ ബി.ജെ.പി വിരുദ്ധ ‘ഇൻഡ്യ’ മുന്നണിക്ക് നേതൃത്വം നല്‍കുന്ന പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. ആ നിലയിലാണ് യു.ഡി.എഫിന് മുന്‍ഗണന നല്‍കാന്‍ തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞു.
തമിഴ്നാട്, ആന്ധ്രപ്രദേശ്, മഹാരാഷ്ട്ര, പശ്ചിമ ബംഗാള്‍, ജാര്‍ഖണ്ഡ്, ഉത്തര്‍പ്രദേശ്, മധ്യപ്രദേശ് സംസ്ഥാനങ്ങളിലായി 18 മണ്ഡലങ്ങളിലാണ് പാര്‍ട്ടി സ്ഥാനാര്‍ഥികള്‍ മത്സരിക്കുന്നത്. മറ്റിടങ്ങളില്‍ ബി.ജെ.പി വിരുദ്ധ ചേരിയെ സഹായിക്കും. ദീര്‍ഘകാലാടിസ്ഥാനത്തില്‍ ദേശീയ തലത്തില്‍ സാമൂഹിക നീതിയിലധിഷ്ഠിതമായ ഒരു രാഷ്ട്രീയ ബദല്‍ വളര്‍ത്തിക്കൊണ്ടുവരികയെന്നതാണ് പാര്‍ട്ടി സ്വീകരിക്കുന്ന ഓരോ രാഷ്ട്രീയ നിലപാടിന്റെ ആത്യന്തിക താൽപര്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വാര്‍ത്താസമ്മേളനത്തില്‍ സംസ്ഥാന വൈസ് പ്രസിഡന്റ് തുളസീധരന്‍ പള്ളിക്കല്‍, ജനറല്‍ സെക്രട്ടറി റോയ് അറക്കല്‍ എന്നിവരും സംബന്ധിച്ചു.