യൂസർമാർക്കായി മൂന്ന് മികച്ച സുരക്ഷാ ഫീച്ചറുകൾ പ്രഖ്യാപിച്ചിരിക്കുകയാണ് വാട്സ്ആപ്പ്. ‘അക്കൗണ്ട് പ്രൊട്ടക്റ്റ്’, ‘ഡിവൈസ് വെരിഫിക്കേഷൻ’, ‘ഓട്ടോമാറ്റിക് സെക്യൂരിറ്റി കോഡുകൾ’ എന്നിവയാണ് പുതിയ സെക്യൂരിറ്റി ഫീച്ചറുകൾ. ഈ മൂന്ന് സവിശേഷതകളെ കുറിച്ച് അറിയാം.
അക്കൗണ്ട് പ്രൊട്ടക്റ്റ്:-
വാട്ട്‌സ്ആപ്പ് അക്കൗണ്ട് പുതിയ സ്മാർട്ട്ഫോണിലേക്ക് മാറ്റുമ്പോൾ അത് ചെയ്യുന്നത് ഉടമയായ നിങ്ങൾ തന്നെയാണോ എന്ന് പരിശോധിച്ചുറപ്പിക്കാനായി വാട്സ്ആപ്പ് അവതരിപ്പിക്കുന്ന ഫീച്ചറാണിത്. ഇനി നിങ്ങളുടെ അക്കൗണ്ട് പുതിയ ഡിവൈസിലേക്ക് മാറ്റുമ്പോൾ പഴയ ഫോണിൽ ഒരു സന്ദേശം ലഭിക്കും. അവിടെ സമ്മതം കൊടുത്താൽ മാത്രമേ പുതിയ ഫോണിലേക്ക് സന്ദേശങ്ങളും ഫയലുകളും നീക്കാൻ സാധിക്കുകയുള്ളൂ.
ഡിവൈസ് വെരിഫിക്കേഷൻ:-
മൊബൈലുകളെ ബാധിക്കുന്ന മാൽവെയറുകൾ ഇന്ന് ആളുകളുടെ സ്വകാര്യതയ്ക്കും സുരക്ഷയ്ക്കും ഏറ്റവും വലിയ ഭീഷണിയാണ്. കാരണം അതിന് നിങ്ങളുടെ അനുമതിയില്ലാതെ ഫോണിൽ പ്രവേശിക്കാനും അനാവശ്യ സന്ദേശങ്ങൾ അയയ്‌ക്കാനായി നിങ്ങളുടെ വാട്സ്ആപ്പ് ഉപയോഗിക്കാനും സാധിക്കും. അത് തടയുന്നതിനായാണ് വാട്സ്ആപ്പ് ഡിവൈസ് വെരിഫിക്കേഷൻ എന്ന ഫീച്ചർ അവതരിപ്പിക്കുന്നത്.
നിങ്ങളുടെ അക്കൗണ്ട് ആധികാരികമാക്കാൻ സഹായിക്കുന്ന ചെക്കുകൾ ആപ്പിൽ ചേർത്തിട്ടുണ്ടെന്നാണ് വാട്സ്ആപ്പ് പറയുന്നത്. അതായത്, നിങ്ങളുടെ ഉപകരങ്ങൾ മാൽവെയറുകൾ കൈയ്യടക്കിയാൽ പോലും സുരക്ഷയ്ക്കായി യൂസർമാർ ഒന്നും ചെയ്യേണ്ടതില്ല. ആപ്പ് തന്നെ അക്കൗണ്ട് സുരക്ഷിതമാക്കും.
ഓട്ടോമാറ്റിക് സെക്യൂരിറ്റി കോഡുകൾ
വാട്സ്ആപ്പിലെ സെക്യൂരിറ്റി കോഡ് വെരിഫിക്കേഷൻ ഫീച്ചറിനെ കുറിച്ച് അറിയില്ലേ..? നിങ്ങൾ ഉദ്ദേശിക്കുന്ന ആളുമായി തന്നെയാണ് ചാറ്റ് ചെയ്യുന്നതെന്ന് ഉറപ്പാക്കാൻ അത് സഹായിക്കുന്നു. നിങ്ങളുടെ വാട്സ്ആപ്പ് കോൺടാക്ടിലുള്ള ഏതെങ്കിലും വ്യക്തിയുടെ ചാറ്റ് ബോക്സ് എടുത്ത് അവരുടെ കോൺടാക്ട് ഇൻഫോ പേജിൽ പോയി എൻക്രിപ്ഷൻ എന്ന ഓപ്ഷൻ തെരഞ്ഞെടുത്താൽ, അതിൽ ഒരു ക്യൂ ആർ കോഡും 60 നമ്പറുകളും കാണാൻ സാധിക്കും.
സ്വീകർത്താവിന്റെ ഫോൺ ഉപയോഗിച്ച് ക്യൂ ആർ കോഡ് സ്കാൻ ചെയ്തോ അല്ലെങ്കിൽ 60-ഡിജിറ്റ് കോഡ് അയച്ചുകൊടുത്തോ യൂസർമാർക്ക് എൻക്രിപ്ഷൻ പരിശോധിക്കാനുള്ള ഓപ്ഷനാണ് വാട്സ്ആപ്പ് ഇതുവരെ നൽകിയിരുന്നത്. എന്നാൽ, ഇനിമുതൽ അങ്ങനെ ബുദ്ധിമുട്ടേണ്ടതില്ല.
ദൈർഘ്യമേറിയ കോഡിന്റെ ആവശ്യമില്ലാതെ തന്നെ സുരക്ഷിതമായ കണക്ഷനാണോ എന്ന് പരിശോധിക്കുന്നതിനായി വാട്ട്‌സ്ആപ്പ് ഇപ്പോൾ പുതിയ ക്രിപ്‌റ്റോഗ്രാഫിക് സുരക്ഷാ ഫീച്ചർ അവതരിപ്പിക്കുന്നുണ്ട്.
കോൺടാക്റ്റുകളുടെ സുരക്ഷാ കോഡുകൾ സ്വയമേവ പരിശോധിച്ച് അവ പൊരുത്തപ്പെടുന്നുണ്ടെന്ന് സ്ഥിരീകരിക്കുന്ന ഒരു പ്രക്രിയയെ അടിസ്ഥാനമാക്കിയുള്ളതാണ് പുതിയ ഫീച്ചർ. കോൺടാക്ട് ഇൻഫോയിലെ എൻക്രിപ്ഷൻ എന്ന ഓപ്ഷൻ തെരഞ്ഞെടുത്ത് അത് പരിശോധിക്കാം.