കുവൈത്ത് സിറ്റി: കുവൈത്തില്‍ നിയമലംഘകരായ പ്രവാസികള്‍ക്കായി ശക്തമായ പരിശോധന തുടരുന്നു. കഴിഞ്ഞ ദിവസം മഹ്‍ബുലയിലും ഫര്‍വാനിയയിലും ജലീബ് അല്‍ ശുയൂഖിലുമാണ് ഉദ്യോഗസ്ഥരെത്തി റെയ്ഡ് നടത്തിയത്. തൊഴില്‍ നിയമങ്ങള്‍ ലംഘിച്ച് രാജ്യത്ത് ജോലി ചെയ്യുന്നവരെയും താമസ രേഖകളില്ലാതെയും രേഖകളുടെ കാലാവധി കഴിഞ്ഞും നിയമവിരുദ്ധമായി രാജ്യത്ത് കഴിഞ്ഞിരുന്നവരെയും അറസ്റ്റ് ചെയ്‍തു.
രാജ്യത്ത് നിയമലംഘനങ്ങള്‍ ഇല്ലാതാക്കുന്നതിന്റെ ഭാഗമായാണ് പരിശോധനകള്‍ നടത്തുന്നതെന്ന് കുവൈത്ത് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. രാജ്യത്തെ പൗരന്മാരും സ്വദേശികളും ഈ റെയ്‍ഡുകളെ പിന്തുണയ്‍ക്കണമെന്നും സുരക്ഷാ ഉദ്യോഗസ്ഥരുമായി സഹകരിക്കണമെന്നും അധികൃതര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. താമസ നിയമലംഘകര്‍ക്കും സ്‍പോണ്‍സര്‍മാരില്‍ നിന്ന് ഒളിച്ചോടിയവര്‍ക്കും അഭയം നല്‍കുകയോ ജോലി നല്‍കുകയോ ചെയ്യരുത്. താമസ രേഖകളും തിരിച്ചറിയല്‍ രേഖകളും പരിശോധിക്കണം. താമസ നിയമലംഘനങ്ങള്‍ ശ്രദ്ധയില്‍പെട്ടാല്‍ 112 എന്ന നമ്പറില്‍ വിളിച്ച് അറിയിക്കണമെന്നും പൊതുജനങ്ങളോട് കുവൈത്ത് ആഭ്യന്തര മന്ത്രാലയം അഭ്യര്‍ത്ഥിച്ചു.