തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിന്റെ സുരക്ഷ വീണ്ടും വർധിപ്പിക്കുന്നു. ആയുധധാരികൾ ഉൾപ്പടെ 20 വ്യവസായ സേനാംഗങ്ങളെ കൂടി വിന്യസിക്കാനാണ് തീരുമാനം. റാപ്പിഡ് റെസ്പോൺസ് ടീം ഉൾപ്പടെ 60 പോലീസുകാരാണ് നിലവിൽ ക്ലിഫ് ഹൗസിന് സുരക്ഷയൊരുക്കുന്നത്. കൂടുതൽ സേനാ വിന്യാസം ആവശ്യമാണോയെന്ന കാര്യവും പരിഗണനയിലാണ്. സിൽവൻ ലൈനുമായി ബന്ധപ്പെട്ട് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ പോലീസ് കാവൽ നിൽക്കുമ്പോൾ ക്ലിഫ് ഹൗസിൽ ബി.ജെ.പി കല്ലിട്ടുവെന്നത് പോലീസിന്റെ വീഴ്ച്ചയായി വ്യാഖ്യാനിക്കപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് പോലീസ് ആസ്ഥാനത്ത് നിന്ന് ക്ലിഫ് ഹൗസിന്റെ സുരക്ഷ വർധിപ്പിക്കണമെന്ന ശുപാർശ പോയിരിക്കുന്നത്. ദേവസ്വം ബോർഡ് ജംഗ്ഷൻ മുതൽ ക്ലിഫ് ഹൗസ് വരെ ഏതാണ്ട് 250 മീറ്റർ ദൂരമാണുള്ളത്. ഇത്രയും സ്ഥലം സി.സി ടി.വി ക്യാമറയുടെ നീരീക്ഷണത്തിലാക്കാനും ശുപാർശ നൽകിയിട്ടുണ്ട്.