മുംബൈ: ഓണ്‍ലൈന്‍ ഗെയിമിലൂടെ പരിചയപ്പെട്ട ഇന്ത്യന്‍ യുവാവിനോടൊപ്പം ജീവിക്കാന്‍ അതിര്‍ത്തി കടന്നെത്തിയ പാക് യുവതി സീമ ഹൈദറുമായി ബന്ധപ്പെട്ട വിവാദങ്ങൾ അവസാനിക്കുന്നില്ല. അമിത് ജാനി സംവിധാനം ചെയ്യുന്ന ‘കറാച്ചി ടു നോയിഡ’ എന്ന ചിത്രത്തില്‍ അഭിനയിച്ചുവരികയാണ് സീമ ഇപ്പോൾ. സിനിമയ്ക്ക് വേണ്ടി സീമ ഹൈദര്‍ ഓഡിഷനില്‍ പങ്കെടുക്കുന്നതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വന്‍ പ്രചാരം നേടിയിരുന്നു. സീമയും സച്ചിന്‍ മീണയും തമ്മിലുള്ള പ്രണയമാണ് സിനിമയുടെ ഇതിവൃത്തം.സച്ചിൻ-സീമ ദമ്പതികളെ ഇരട്ടപ്പേരിട്ട് വിളിച്ച യുവതിയെച്ചൊല്ലിയാണ് പുതിയ വിവാദം ഉടലെടുത്തിരിക്കുന്നത്. ‘ലപ്പു-ജിംഗൂർ’ എന്ന് സച്ചിൻ-സീമ ദമ്പതികളെ അയൽവാസിയായ യുവതി പരിഹസിക്കുകയായിരുന്നു. മിഥിലേഷ് ഭാട്ടി എന്ന യുവതിയാണ് പരിഹാസവുമായി രംഗത്തുവന്നത്. ഇവരുടെ വിഡിയോ വൈറലായി. പ്രാദേശിക മാധ്യമങ്ങൾ ഇത് ഏറ്റെടുത്തതോടെ വിവാദം കൊഴുത്തു. തുടർന്ന് സീമയുടെ അഭിഭാഷകൻ എ.കെ.സിങ് ഭാട്ടിക്കെതിരേ നിയമനടപടി സ്വീകരിക്കുമെന്ന് പറഞ്ഞ് രംഗത്ത് എത്തുകയായിരുന്നു.
അയൽവാസിയായ യുവതി സച്ചിനേയും സീമയേയും അപകീർത്തിപ്പെടുത്തുന്ന വാക്കുകൾ ഉപയോഗിച്ചതായി എ.കെ. സിങ് പറഞ്ഞു. ലപ്പു എന്നാൽ ഉഴമയെന്നും ജിംഗൂർ എന്നാൽ പുഴുവെന്നുമാണ് അർഥം. ഇത് കടുത്ത അധിക്ഷേപമാണെന്നാണ് അഭിഭാഷകൻ പറയുന്നത്.പബ്ജിയിലൂടെയാണ് പാകിസ്ഥാനിയായ സീമ ഹൈദര്‍ ഇന്ത്യക്കാരനായ സച്ചിന്‍ മീണയുമായി പ്രണയത്തിലായത്. പിന്നീട് ഭര്‍ത്താവ് ഗുലാം ഹൈദറിനെ ഉപേക്ഷിച്ച് സീമ ഇന്ത്യയിലെത്തി. തുടര്‍ന്ന് ഇരുവരും വിവാഹിതരാകുകയും സീമ ഹിന്ദുമതം സ്വീകരിക്കുകയും ചെയ്തു. അനധികൃതമായി അതിര്‍ത്തി കടന്നതിന് ജൂലായ് നാലിന് സീമ ഹൈദറിനെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചെങ്കിലും വിവിധ അന്വേഷണസംഘങ്ങളുടെ നിരീക്ഷണത്തിലാണ് ഇപ്പോഴും യുവതി.