ന്യൂഡൽഹി: രാജ്യസഭ തിരഞ്ഞടുപ്പിൽ കുതിരക്കച്ചവടം ഭയന്ന് ഹരിയാനയിലെ പാർട്ടി എംഎൽഎമാരെ ഛത്തീസ്ഗഡിലെ റിസോർട്ടിലേക്കു മാറ്റാൻ കോൺഗ്രസ് നീക്കം. ജൂൺ 10നാണ് രാജ്യസഭ തിരഞ്ഞെടുപ്പ്. ഛത്തീസ്ഗഡിലെ റിസോർട്ടിൽ നാളെ മുതൽ താമസിക്കുന്നതിനായി കോണ്‍ഗ്രസ് നേതാക്കൾ മുറികൾ ബുക്ക് ചെയ്തിട്ടുണ്ടന്നാണ് വിവരം. എംഎൽഎമാരെ റിസോർട്ടിലേക്കു മാറ്റും, പക്ഷേ അത് എന്നത്തേക്കാണെന്നു തീരുമാനിച്ചിട്ടില്ലെന്നും പാർട്ടി വൃത്തങ്ങൾ അറിയിച്ചതായി വാർത്താ ഏജൻസിയായ റിപ്പോർട്ടു ചെയ്തു.
സംസ്ഥാനത്ത് പുറത്തുനിന്നുള്ളവർക്ക് സീറ്റു നൽകിയതിൽ എംഎൽഎമാർ അതൃപ്തി പ്രകടിപ്പിച്ചതോടെയാണ് ഇത്തരത്തിൽ ഒരു നീക്കമെന്നാണു വിവരം. ഹരിയാനയിൽ ഒഴിവുള്ള രണ്ടു രാജ്യസഭ സീറ്റുകളിൽ ഒന്നിൽ ബിജെപിയുടെ കൃഷ്ണലാൽ പൻവർ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെടും. രണ്ടാം സീറ്റിലേക്ക് കോൺഗ്രസിനായി എഐസിസി ജനറൽ സെക്രട്ടറി അജയ് മാക്കനാണ് മത്സരിക്കുന്നത്. ഇതിൽ കോൺഗ്രസിലെ ചില നേതാക്കൾ അതൃപ്തരാണ്.
സംസ്ഥാനത്തെ കോൺഗ്രസിന്റെ മുതിർന്ന നേതാവ് കുൽദീപ് ബിഷ്നോയ് കഴിഞ്ഞ കുറച്ചു നാളുകളായി പാർട്ടിയെടുക്കുന്ന തീരുമാനത്തിൽ അസ്വസ്ഥനായിരുന്നു. ഇതിനു പുറമേ കോൺഗ്രസിന്റെ അജയ് മാക്കനെ വീഴ്ത്താൻ സ്വതന്ത്ര സ്ഥാനാർഥിയായി മാധ്യമ സ്ഥാപന മേധാവി കാർത്തികേയ ശർമയെ ബിജെപിയും ജെജെപിയും ചേർന്ന് രംഗത്തിറക്കി. മാക്കനെ വിജയിപ്പിക്കാനുള്ള കൃത്യം സീറ്റുകൾ (31) കോൺഗ്രസിനുണ്ട്. അതിലൊരണ്ണം പിടിച്ചാൽ ശർമയെ വിജയിപ്പിക്കാമെന്നാണ് ഭരണമുന്നണിയുടെ കണക്കുകൂട്ടൽ. അതിനാൽ എംഎൽഎമാരെ വലയിലാക്കാൻ ബിജെപി ശ്രമിച്ചേക്കുമെന്ന് കോൺഗ്രസ് കരുതുന്നുണ്ട്.
കാർത്തികേയ ശർമയുടെ അച്ഛനും ഭാര്യാപിതാവും മുൻ കോണ്‍ഗ്രസ് നേതാക്കളാണ് എന്ന ഘടകം സംസ്ഥാന രാഷ്ട്രീയത്തെ സ്വാധീനിക്കുമെന്ന ഭയവും കോൺഗ്രസിനുണ്ട്. നേരത്തെ 2018ലെ മധ്യപ്രദേശ് തിരഞ്ഞടുപ്പിലും 2017ൽ ഗോവ തിരഞ്ഞെടുപ്പിലും കുതിരകച്ചവടം തടയുന്നതിനായി പാർട്ടി എംഎൽഎമാരെ റിസോർട്ടിലേക്ക് മാറ്റിയിരുന്നു.