ദില്ലി: മീനങ്ങാടി പോക്സോ കേസിലെ പ്രതിയുടെ മുൻകൂർ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിൽ സുപ്രീം കോടതി നോട്ടീസ് അയച്ചു. മുൻകൂർ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി പരിഗണിച്ച സുപ്രീം കോടതി ബെഞ്ചിലെ ജസ്റ്റിസ് ഹേമന്ത് ഗുപ്ത ലോകത്തിന് കാമഭ്രാന്ത് ആണെന്ന് വാദത്തിനിടെ പറഞ്ഞു. താൻ ഹൈക്കോടതി ജഡ്ജിയായിരിക്കെ ഒരു കേസിൽ പിതാവിൽ നിന്ന് മകൾക്ക് അനുഭവിക്കേണ്ട വന്ന ക്രൂരമായ ലൈംഗീക ആക്രമണത്തെ കുറിച്ചും ജസ്റ്റിസ് ഗുപ്ത കോടതിയിൽ വിവരിച്ചു.
മീനങ്ങാടി കേസിൽ അമ്മാവനെ കുട്ടിയെ സമീപിച്ച രീതി അതിക്രമമായി കാണാൻ കഴിയില്ലെന്നായിരുന്നു ഹൈക്കോടതിയിൽ പ്രതിഭാഗം വാദിച്ചത്. എന്നാൽ അമ്മാവൻ വാത്സല്യത്തോടെ മാത്രമാണ് കുട്ടിയെ സമീപിച്ചതെന്ന പ്രതിയുടെ വാദം അന്വേഷണത്തിലൂടെ തെളിയേണ്ടതാണെന്ന് നീരീക്ഷിച്ച് കൊണ്ടാണ് പ്രതിക്ക് മുൻകൂർ ജാമ്യം കേരള ഹൈക്കോടതി നൽകിയത്. അതിജീവിതയുടെ അമ്മയ്ക്കുവേണ്ടി അഭിഭാഷകന് ഗൗരവ് അഗര്‍വാള്‍ സുപ്രീം കോടതിയില്‍ ഹാജരായി. മുന്‍കൂര്‍ ജാമ്യം റദ്ദാക്കിയതിനെതിരായ ഹര്‍ജി അടുത്തമാസം പന്ത്രണ്ടിന് കോടതി വീണ്ടും പരിഗണിക്കും.