ലണ്ടൻ: ബ്രിട്ടനിൽ ഏഴ് പിഞ്ചുകുഞ്ഞുങ്ങളെകൊലപ്പെടുത്തിയ സീരിയൽ കില്ലർ നഴ്സ് ലൂസി ലെറ്റ്ബി മുമ്പ് ജോലി ചെയ്ത ആശുപത്രികളിലെ കുട്ടികളുടെ മരണം അന്വേഷിച്ച് പൊലീസ്. 33കാരിയായ കില്ലർ നഴ്സ് കൂടുതൽ കുട്ടികളെ കൊലപ്പെടുത്തിയിരിക്കാമെന്ന സംശയത്തെ തുടർന്നാണ് അന്വേഷണം വ്യാപിപ്പിച്ചത്. ഗാർഡിയൻ റിപ്പോർട്ട് അനുസരിച്ച് ലൂസി ജോലി ചെയ്തിരുന്ന കൗണ്ടർ ഓഫ് ചെസ്റ്റർ ആശുപത്രിയിൽ 30 നവജാത ശിശുക്കൾ സംശായ്പദ സാഹചര്യത്തിൽ മരിച്ചിട്ടുണ്ട്. 2012 മുതൽ 2015 വരെ ഇവർ ട്രെയിനിയായി ജോലി ചെയ്ത ലിവർപൂൾ വിമൻസ് ആശുപത്രിയിലും പൊലീസ് അന്വേഷണം ഊർജിതമാക്കി. 2012-2015 കാലയളവിൽ ലിവർപൂൾ വിമൻസ് ആശുപത്രിയിലെയും കൗണ്ടസ് ഓഫ് ചെസ്റ്റർ ആശുപത്രിയിലും ജനിച്ച നാലായിരത്തോളം കുഞ്ഞുങ്ങളുടെ മെഡിക്കൽ റിപ്പോർട്ട് പരിശോധിക്കാനും പൊലീസ് നിർദേശം നൽകി. ലൂസി ലെറ്റ്ബിക്കെതിരെയുള്ള അന്വേഷണത്തിന് ഓപ്പറേഷൻ ഹമ്മിങ്ബേർഡ് എന്നാണ് പൊലീസ് നൽകിയ പേര്.
ഡിപ്പാർട്ട്മെന്റ് സൂപ്രണ്ട് പോൾ ഹ്യൂസാണ് അന്വേഷണസംഘ തലവൻ. 2012-15 കാലയളവിൽ ഇരു ആശുപത്രികളിലുമായി നാലായിരത്തോളം കുട്ടികൾ ജനിച്ചു. എല്ലാ കുട്ടികളെയും കുറിച്ച് അന്വേഷിക്കുമെന്ന് ഇതിന് അർഥമില്ല. ലൂസിക്കെതിരെയുള്ള ചെറിയ കാര്യം പോലും നഷ്ടപ്പെടാതിരിക്കാനാണ് അന്വേഷണമെന്നും പോൾ ഹ്യൂസ് വ്യക്തമാക്കി. കുട്ടികൾ അപ്രതീക്ഷിതമായി പെട്ടെന്ന മരണപ്പെട്ടിട്ടുണ്ടോ എന്ന കാര്യം അന്വേഷിക്കും. ഇത്തരം കേസുകളുണ്ടെങ്കിൽ ബന്ധപ്പെട്ട ആശുപത്രികളിലേക്ക് വിവരം അയയ്ക്കും. മരണത്തിൽ സംശായ്പദമായ സാഹചര്യമുണ്ടെങ്കിൽ മെഡിക്കൽ വിദഗ്ധർ വിശദമായി പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് ഏഴ് കുട്ടികളെ കൊലപ്പെടുത്തിയ കേസിൽ നഴ്സ് കുറ്റക്കാരിയെന്ന് കോടതി വിധിച്ചത്. ഏഴ് നവജാത ശിശുക്കളെ ക്രൂരമായി കൊലപ്പെടുത്തുകയും ആറ് ശിശുക്കളെ കൊല്ലാൻ ശ്രമിക്കുകയും ചെയ്ത കേസിലാണ് നഴ്സ് ലൂസി ലെറ്റ്ബി കുറ്റക്കാരിയാണെന്ന് മാഞ്ചസ്റ്റർ ക്രൗൺ കോടതി കണ്ടെത്തിയത്. ബ്രിട്ടനെ ഞെട്ടിച്ച സംഭവമായിരുന്നു കുഞ്ഞുങ്ങളുടെ കൊലപാതകം. അഞ്ച് ആൺകുഞ്ഞുങ്ങളും രണ്ട് പെൺകുഞ്ഞുങ്ങളുമാണ് നഴ്സിന്റെ ക്രൂരതക്കിരയായത്. ആശുപത്രിയിൽ നവജാത ശിശുക്കളുടെ സംരക്ഷണ ചുമതലയായിരുന്നു നഴ്സ് ലൂസിക്ക്. 2015-16 കാലയളവിലാണ് കുട്ടികളെ കൊലപ്പെടുത്തിയത്. നഴ്സ് തന്നെ എഴുതിയ കുറിപ്പാണ് കേസിൽ നിർണായകമായത്. ഞാനൊരു പിശാചാണ്. എനിക്ക് കുട്ടികളെ നോക്കാനാകില്ല -എന്നാണ് ഇവർ എഴുതിവെച്ചത്. ഈ കുറിപ്പ് അന്വേഷണ സംഘം കണ്ടെത്തി. ഇൻസുലിൻ കുത്തിവെച്ചും അമിതമായി പാലു കുടിപ്പിച്ചും കാലി സിറിഞ്ച് കുത്തിയുമൊക്കെയാണ് ഇവർ കുട്ടികളെ കൊലപ്പെടുത്തിയത്. ആറ് കുട്ടികൾ ആക്രമണത്തിൽ നിന്ന് കഷ്ടിച്ചാണ് രക്ഷപ്പെട്ടത്.