കോഴിക്കോട്: കേന്ദ്ര സാഹിത്യ അക്കാദമിയിൽ നിന്ന് രാജി വെക്കാനുള്ള സി.രാധാകൃഷ്ണന്റെ തീരുമാനം ഏറ്റവും ഉചിതമെന്ന് സാഹിത്യകാരൻ സേതു. ഫേസ് ബുക്ക് പേജിലിട്ട കുറിപ്പിലൂടെയാണ് സേതു പിന്തുണ അറിയിച്ചത്. അക്കാദമി സാഹിത്യോത്സവം കേന്ദ്രമന്ത്രി ഉദ്ഘാടനം ചെയ്തതില്‍ പ്രതിഷേധിച്ചാണ് സി. രാധാകൃഷ്ണന്‍ രാജിവെച്ചത്. അക്കാദമി സെക്രട്ടറിക്ക് കത്ത് മുഖാന്തിരമാണ് തന്റെ രാജി അറിയിച്ചത്. രാജികത്തിൽ സി. രാധാകൃഷ്ണൻ പറയുന്നതിങ്ങനെ: ‘‘സാഹിത്യവുമായി യാതൊരു ബന്ധവുമില്ലാത്ത കേന്ദ്രമന്ത്രി ഫെസ്റ്റിവല്‍ ഉദ്ഘാടനം ചെയ്തതില്‍ പ്രതിഷേധം അറിയിക്കുന്നു. പ്രോഗ്രാമില്‍ ആരുടെയും പേരുണ്ടായിരുന്നില്ല. പിന്നീടാണ് കേന്ദ്രമന്ത്രിയുടെ പേര് ഉള്‍പ്പെടുത്തി പ്രത്യേക ക്ഷണപത്രം അയച്ചത്.
രാഷ്ട്രീയ സമ്മര്‍ദങ്ങള്‍ മറികടന്ന് സ്വയംഭരണാവകാശം നിലനിര്‍ത്തുന്ന സാഹിത്യഅക്കാദമിയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഇതു സംഭവിക്കുന്നതെന്ന് താങ്കള്‍ക്ക് അറിയാം. കഴിഞ്ഞ തവണ സഹമന്ത്രി ഉദ്ഘാടനച്ചടങ്ങില്‍ പങ്കെടുത്തപ്പോള്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു. ഇത്തരം കാര്യങ്ങള്‍ ആവര്‍ത്തിക്കില്ലെന്ന് അന്ന് ഉറപ്പു നല്‍കുകയും ചെയ്തിരുന്നു.
ഞാന്‍ ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിക്ക് എതിരല്ല. പക്ഷെ അക്കാദമിയുടെ സ്വതന്ത്ര്യം ഇല്ലാതാക്കുന്ന തരത്തില്‍ രാഷ്ട്രീയവല്‍ക്കരിക്കുന്നതിനെ ശക്തമായി എതിര്‍ക്കുന്നു. അക്കാദമിയുടെ ഭരണഘടനപോലും തിരുത്തിയെഴുതാനാണ് രാഷ്ട്രീയ യജമാനന്മാര്‍ ശ്രമിക്കുന്നത്. ജനാധിപത്യപരമായ സ്വയഭരണാവകാശമുള്ള ചുരുക്കം ചില സ്ഥാപനങ്ങളില്‍ ഒന്നായ അക്കാദമി ഇല്ലാതാക്കാന്‍ ശ്രമിക്കുന്നതിനെ നിശബ്ദമായി നോക്കിയിരിക്കാന്‍ കഴിയില്ല. ഈ സാഹചര്യത്തില്‍ അക്കാദമിയുടെ വിശിഷ്ടാംഗമായി തുടരാന്‍ ആഗ്രഹിക്കുന്നില്ല’’.
ഇതിനിടെ, ഈ വിഷയത്തിൽ വിശദീകരണവുമായി കേന്ദ്ര സാഹിത്യ അക്കാദമി രംഗത്തെത്തി. സി. രാധാകൃഷ്ണന്റെ രാജി തെറ്റായ സന്ദേശം നല്‍കുന്നതാണെന്നും രാഷ്ട്രീയ ഇടപെടല്‍ നടന്നിട്ടില്ലെന്നും അക്കാദമി പ്രതികരിച്ചു. കേന്ദ്രമന്ത്രി അര്‍ജുന്‍ റാം മേഘ്‌വാള്‍ എഴുത്തുകാരന്‍ കൂടിയാണെന്ന് സാഹിത്യ അക്കാദമി പ്രതികരണത്തില്‍ പറയുന്നു.