ഭോപാൽ: മധ്യപ്രദേശിൽ ഗോത്രവർഗക്കാരായ യുവാക്കൾക്ക് നേരെ അതിക്രമം. ബേടുൽ ജില്ലയിൽ രണ്ടിടങ്ങളിലായുണ്ടായ ആക്രമണത്തിൽ ഏഴ് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.ഫെബ്രുവരി ഏഴിനും നവംബർ 15നും നടന്ന സംഭവങ്ങളിലാണ് അറസ്റ്റ്. രണ്ട് അക്രമങ്ങളുടെയും സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെയാണ് പ്രതികളെ പിടികൂടിയതെന്നാണ് റിപ്പോർട്ട്.ഫെബ്രുവരി എഴിന് നടന്ന സംഭവത്തിൽ ചഞ്ചൽ രാജ്പുത്, ചന്ദൻ സർദാർ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. മുൻവൈരാഗ്യത്തിന്റെ പേരിൽ യുവാവിനെ സംഘം ചേർന്ന് ആക്രമിക്കുകയായിരുന്നു. മറ്റ് പ്രതികൾക്കായുള്ള തെരച്ചിൽ പുരോഗമിക്കുകയാണ്.
പണത്തെചൊല്ലിയുണ്ടായ വാക്കുതർക്കമായിരുന്നു നവംബർ 15ലെ സംഭവത്തിന് കാരണം. ബാസാനി സ്വദേശിയായ യുവാവിനെ സംഘം ബേടുലിലേക്ക് വിളിച്ചുവരുത്തുകയും പിന്നാലെ ക്രൂരമായി മർദിക്കുകയുമായിരുന്നു. യുവാവിനെ മുറിയിൽ തലകീഴായി കെട്ടിയിടുകയും വടിയും ബെൽറ്റുമുപയോഗിച്ച് മർദിക്കുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു. പ്രതികളുടെ ക്രിമിനൽ മനോഭാവം കണക്കിലെടുത്ത് സംഭവസമയത്ത് പരാതി നൽകാൻ ഭയമായിരുന്നുവെന്നും വീഡിയോ പ്രചരിച്ചതോടെ പരാതിപ്പെടുകയായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.