ന്യൂഡൽഹി ∙ ഡൽഹി പ്രഗതി മൈതാൻ തുരങ്കത്തിനുള്ളിൽ യാത്രക്കാരെ തോക്കു ചൂണ്ടി കൊള്ളയടിച്ച സംഭവത്തിൽ 7 പേർ പിടിയിലായി. ഉസ്മാൻ, ഇർഫാൻ, അനൂജ് മിശ്ര, കുൽദീപ്, സുമിത്, പ്രദീപ്, ബാല എന്നിവരാണു പിടിയിലായത്. ചാന്ദ്‌നി ചൗക്കിലെ ഒമിയ എന്റർപ്രൈസസിലെ ഡെലിവറി ഏജന്റായ സജൻ കുമാർ പട്ടേൽ, സുഹൃത്ത് ജിഗർ പട്ടേൽ എന്നിവർ സഞ്ചരിച്ച കാർ ശനിയാഴ്ച വൈകിട്ട് 3 ന് ആണ് തുരങ്കത്തിനുള്ളിൽ തടഞ്ഞുനിർത്തി തോക്കു ചൂണ്ടി 2 ലക്ഷം രൂപ അടങ്ങിയ ബാഗ് കവർന്നത്. കൊള്ളസംഘം ഉപയോഗിച്ച 2 ബൈക്കുകളും പൊലീസ് കണ്ടെത്തി. ബൈക്ക് ഓടിച്ചിരുന്ന അനൂജ് ഡൽഹി ജലബോർഡിന്റെ വെയർഹൗസിൽ മെക്കാനിക്കാണ്. സംഭവവുമായി ബന്ധപ്പെട്ടു 2 പേർ കൂടി പിടിയിലാകാനുണ്ടെന്നു പൊലീസ് പറഞ്ഞു.
വ്യാഴം, വെള്ളി ദിവസങ്ങളിൽ തുരങ്കത്തിനുള്ളിൽ പരിശീലനം നടത്തിയ ശേഷമാണു പ്രതികൾ കൊള്ള നടത്തിയതെന്നു പൊലീസ് പറഞ്ഞു. മുഖ്യസൂത്രധാരനായ ഉസ്മാൻ 7 വർഷമായി ഓൺലൈൻ ഷോപ്പിങ് കമ്പനിയുടെ ഡെലിവറി ഏജന്റായി പ്രവർത്തിക്കുകയാണെന്നു ഡൽഹി പോലീസ് സ്‌പെഷൽ കമ്മിഷണർ രവീന്ദ്ര സിങ് യാദവ് പറഞ്ഞു.
ഐപിഎൽ വാതുവയ്പ്പിലും മറ്റും സാമ്പത്തിക നഷ്ടം വന്നതോടെയാണു കൊള്ള ആസൂത്രണം ചെയ്തത്. ബന്ധുവും ബുറാഡിയിൽ ബാർബറുമായ ഇർഫാനെക്കൂടി കൂട്ടുപിടിച്ച ഉസ്മാൻ ലോണി, ബാഗ്പത് തുടങ്ങിയ സ്ഥലങ്ങളിൽ നിന്നുള്ളവരെയും സംഘത്തിൽ ഭാഗമാക്കി. തട്ടിയെടുത്ത പണം വീതം വയ്ക്കാൻ ഇവർ ബുറാഡിയിൽ വീടും വാടകയ്ക്കെടുത്തിരുന്നു.
ഉസ്മാനും സംഘാംഗമായ പച്ചക്കറി വ്യാപാരി സുമിത്തും ചേർന്നു പലതവണ കൊള്ളയുടെ പരിശീലനം നടത്തി. സംഘത്തിലെ കുൽദീപിന്റെ പേരിൽ 16 ക്രിമിനൽ കേസുകൾ നിലവിലുണ്ട്. ശനിയാഴ്ചത്തെ കൃത്യത്തിനു മുൻപു തന്നെ ചാന്ദ്നി ചൗക്കിലെ പലരെയും ഇവർ ലക്ഷ്യമിട്ടിരുന്നുവെങ്കിലും പദ്ധതി വിജയിച്ചില്ലെന്നും പൊലീസ് പറഞ്ഞു.
തിങ്കളാഴ്ച തന്നെ പൊലീസ് പ്രതികൾക്കായുള്ള തിരച്ചിൽ വ്യാപകമാക്കിയിരുന്നു. നഗരത്തിൽ വിവിധ ഇടങ്ങളിലായി 1600 പേരെ കസ്റ്റഡിയിൽ എടുത്തു ചോദ്യം ചെയ്യുകയും 2000 വാഹനങ്ങൾ പരിശോധിക്കുകയും ചെയ്തു.