തൃശൂർ : മലപ്പുറം വളാഞ്ചേരിയിൽനിന്ന് ഏഴുവയസ്സുകാരനെ തട്ടിക്കൊണ്ടുവന്ന കേസിൽ യുവാവിനെയും കുട്ടിയെയും കണ്ടെത്തി മതിലകം പോലീസ് വളാഞ്ചേരി പോലീസിന് കൈമാറി. രണ്ടാം ക്ലാസുകാരനെ തട്ടിക്കൊണ്ടുവന്ന സംഭവത്തിലാണ് ശ്രീനാരായണപുരം പൊരിബസാർ സ്വദേശി അമ്പലക്കുളത്ത് വീട്ടിൽ മുഹമ്മദ് ഷിനാസി(19)നെ മതിലകം പോലീസ് പിടികൂടിയത്. ഇയാളിപ്പോൾ വളാഞ്ചേരിയിൽ താമസക്കാരനാണ്. കുട്ടിയെ കാണാതായതു സംബന്ധിച്ച് വീട്ടുകാർ വളാഞ്ചേരി പോലീസിൽ പരാതി നൽകിയിരുന്നു. കുട്ടിയുടെ കുടുംബം താമസിച്ചിരുന്ന ഫ്ലാറ്റിനു സമീപത്തെ വീട്ടിലായിരുന്നു ഇയാളുടെ വാസം. പരിസരവാസികളുടെ പരാതിയെത്തുടർന്ന് താമസസ്ഥലത്തുനിന്ന് ഒഴിവാക്കിയതിലുള്ള വിരോധം മൂലമാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയതെന്നാണ് പോലീസിൽ നൽകിയിട്ടുള്ള മൊഴി.
ചൊവ്വാഴ്ച രാത്രി ഒമ്പതു മണിയോടെ കുട്ടിയെ സ്കൂട്ടറിൽക്കയറ്റി എസ്.എൻ. പുരത്തെത്തി പള്ളിയിൽ കിടന്നുറങ്ങി. ഇതിനിടയിൽ കുട്ടിയെ അന്വേഷിച്ച് എത്തിയ വളാഞ്ചേരി പോലീസ് ഷിനാസിന്റെ സുഹൃത്തുക്കളുടെ വീട്ടിൽ അന്വേഷിച്ചിരുന്നു. പുലർച്ചെ ഷിനാസ് കുട്ടിയുമായി അഞ്ചങ്ങാടിയിലുള്ള സുഹൃത്തിന്റെ വീട്ടിലെത്തിയപ്പോൾ വീട്ടുകാർ തടഞ്ഞുവെച്ച് മതിലകം പോലീസിനെ അറിയിക്കുകയായിരുന്നു. പോലീസെത്തി ഷിനാസിനെയും കുട്ടിയെയും കസ്റ്റഡിയിലെടുത്തു. കുട്ടിയെ മാതാവും ബന്ധുക്കളും എത്തി ഏറ്റുവാങ്ങി. വളാഞ്ചേരി സി.ഐ. കെ.ജെ. ജിനേഷും സംഘവും എത്തി പ്രതിയെ കസ്റ്റഡിയിലെടുത്തു.