ന്യൂഡൽഹി : ചെറിയൊരു ഇടവേളയ്ക്കു ശേഷം നഗരത്തിൽ വീണ്ടും ഭീഷണി ഉയർത്തുന്ന ഉഷ്ണതരംഗം കൂടുതൽ ശക്തമാകുമെന്ന് മുന്നറിയിപ്പ്. നഗരത്തിൽ ചൂട് അതിശക്തമാകുമെന്നും ഉയർന്ന താപനില 46 ഡിഗ്രി കടക്കുമെന്നുമാണു കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ചൂടു കൂടുന്ന സാഹചര്യത്തിൽ നഗരത്തിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.
കടുത്ത ചൂടിനിടെ അസാനി ചുഴലിക്കാറ്റ് അൽപം ആശ്വാസമായെങ്കിലും ശനിയാഴ്ച ചൂട് ഏറ്റവും കൂടിയ നിലയിലെത്തുമെന്നാണ് മുന്നറിയിപ്പ്. 72 വർഷത്തിനിടെ ഏറ്റവും ചൂടേറിയ ഏപ്രിൽ മാസമായിരുന്നു ഇത്തവണത്തേത്. നഗരത്തിൽ ഒന്നിലേറെ ദിവസം ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരുന്നു. അതേസമയം നഗരത്തിലെ വായുനിലവാരം ഭേദപ്പെട്ട അവസ്ഥയിലാണ്.
ചൂട് ശക്തമായ സാഹചര്യത്തിൽ ക്ലാസ് സമയം പുനഃക്രമീകരിക്കാനുള്ള തീരുമാനത്തിലാണു സംസ്ഥാനത്തെ പല സ്വകാര്യ സ്കൂളുകളും. സ്വകാര്യ സ്‌കൂളുകൾ ഈ മാസം അവസാനത്തോടെ അവധി നൽകാനുള്ള നീക്കത്തിലാണ്. സർക്കാർ സ്‌കൂളുകളിൽ ജൂൺ 15 വരെ ക്ലാസുകൾ തുടരാനാണു നിർദേശം. കോവിഡ് സാഹചര്യത്തിൽ നഷ്ടപ്പെട്ട ക്ലാസുകളും പാഠഭാഗങ്ങളും പൂർത്തീകരിക്കുകയാണു ലക്ഷ്യം.
ചൂട് ശക്തമായ സാഹചര്യത്തിൽ പാഠ്യ, പാഠ്യേതര പ്രവർത്തനങ്ങൾക്ക് ഇളവു നൽകാൻ കേന്ദ്രമന്ത്രാലയം നിർദേശം നൽകി. മാർഗരേഖ പുറത്തിറക്കിയതും ഈ സാഹചര്യത്തിലാണ്. യൂണിഫോമിന്റെ കാര്യത്തിൽ ഉൾപ്പെടെ വിട്ടുവീഴ്ച നൽകണമെന്നാണു നിർദേശം.