കാസർകോട്: പ്രഥമശുശ്രൂഷ നൽകാനെന്നപേരിൽ വിദ്യാർഥിനിയോട് ലൈംഗികാതിക്രമം കാട്ടിയ കേന്ദ്ര സർവകലാശാലയിലെ ഇംഗ്ലീഷ് അധ്യാപകൻ ഡോ. ഇഫ്‌തികർ അഹമ്മദിനെതിരെ ബേക്കൽ പൊലീസ് കേസെടുത്തു. ഇയാൾ സംഘപരിവാർ പ്രചാരകനാണ്. പീഡനത്തിനിരയായ കുട്ടിയുടെ മൊഴിയെടുത്തു.
ഇംഗ്ലീഷ്, താരതമ്യവിഭാഗം വകുപ്പ് അസി. പ്രൊഫസറാണ് ഡോ. ഇഫ്തികർ അഹമ്മദ്. നിലവിൽ ആഭ്യന്തര പരാതി പരിഹാരസെല്ലിന്റ ശുപാർശയിൽ ഇയാൾ സസ്‌പെൻഷനിലാണ്. പെൺകുട്ടിയുടെ രക്ഷിതാക്കൾ നീതിതേടി കലക്ടർക്കും പരാതി നൽകിയിരുന്നു. ജനാധിപത്യ മഹിളാ അസോസിയേഷൻ അടക്കമുള്ള സംഘടനകളും പരസ്യമായി സമരത്തിനിറങ്ങിയതോടെയാണ് സർവകലാശാല അധികൃതർ ഗത്യന്തരമില്ലാതെ, ബേക്കൽ പൊലീസിൽ പരാതി നൽകിയത്.
നവംബർ 13നാണ് പിജി ഒന്നാം സെമസ്റ്റർ വിദ്യാർഥിനിയോട് ഇയാൾ ലൈംഗിക അതിക്രമം കാട്ടിയത്. ഇത് ശ്രദ്ധയിൽപ്പെട്ട സർവകലാശാലാ ക്ലിനിക്കിലെ ഡോക്ടർ വിദ്യാർഥിയെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. തുടർന്ന് പെൺകുട്ടിയും കൂട്ടുകാരും വൈസ് ചാൻസലർക്ക് പരാതി നൽകി. ആദ്യഘട്ടത്തിൽ പരാതി പൂഴ്‌ത്തിവയ്‌ക്കാനും പിൻവലിപ്പിക്കാനും ശ്രമമുണ്ടായി. എന്നാൽ, പെൺകുട്ടിയുടെ രക്ഷിതാക്കൾ ഇടപെട്ടതോടെ പരാതി വിസിക്ക് ഏറ്റെടുക്കേണ്ടിവന്നു. ‘ജനം’ ചാനലിലും മറ്റും സംഘപരിവാർ ആശയപ്രചാരണത്തിനായി മുൻനിരയിലുണ്ടാകുന്നയാളാണ് ഇഫ്തികർ അഹമ്മദ്.