തിരുവനന്തപുരം > ബിജെപി ഓഫീസിൽ നിന്ന് രാജ്‌ഭവനിലെത്തിയ സെനറ്റ് അംഗങ്ങളുടെ പട്ടികയിൽ യുഡിഎഫ് അംഗങ്ങൾ ഉൾപ്പെട്ടത് എങ്ങിനെയെന്ന് നേതൃത്വം വ്യക്തമാക്കണമെന്ന് എസ്‌എഫ്‌ഐ. തങ്ങളുടെ അറിവില്ലാതെയാണ് ഗവർണർ നാമനിർദേശം നടത്തിയതെങ്കിൽ സെനറ്റ് അംഗത്വം രാജിവെക്കാൻ യുഡിഎഫ് അംഗങ്ങൾ തയ്യാറാകണമെന്ന് സംസ്ഥാന സെക്രട്ടറി പി എം ആർഷോ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
സെനറ്റ് അംഗങ്ങളുടെ പട്ടിക എവിടെ നിന്ന് വന്നെന്ന ചോദ്യമാണ് എസ്‌എഫ്‌ഐ ഉന്നയിക്കുന്നത്. തന്റെ വിവേചനാധികാരമാണെന്ന് പറഞ്ഞ് ചാൻസിലർ പറഞ്ഞ് ഒഴിയുന്നതിന് പിന്നിൽ ദുരൂഹതയുണ്ട്. ആർഎസ്‌എസിനും ചാൻസിലർക്കും നാരങ്ങാവെള്ളം കലക്കി കൊടുക്കുകയാണ് യുഡിഎഫ് നേതൃത്വം. ലോക്‌സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി കോൺഗ്രസും ബിജെപിയും തമ്മിലുണ്ടാക്കിയ അവിശുദ്ധ ധാരണയുടെ പ്രതിഫലമാണ് സെനറ്റിലേക്കുള്ള നാമനിർദേശം. സംഘപരിവാർ ഇടപെടലിനെക്കുറിച്ച് കേരളത്തിലെ യുഡിഎഫ് നേതാക്കൾ മൗനം പാലിക്കുകയാണ്. കെഎസ്‌യുവും എംഎസ്‌എഫും ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കാത്തതും ഈ ധാരണയുടെ ഭാഗമാണ്.
ഗവർണർക്കെതിരായ പ്രതിഷേധം ശക്തമായി തുടരും. ഡൽഹിയിൽ നിന്ന് തിരിച്ചെത്തുമ്പോൾ തുടർ പ്രക്ഷോഭമുണ്ടാകും. കരിങ്കൊടി കാണിച്ച വിദ്യാർഥികൾക്കെതിരെ 124 ചുമത്തരുത് എന്നാണ് എസ്‌എഫ്‌ഐ നിലപാട്. ഗവർണറുടെ ഓഫീസിൽ നിന്നുള്ള സമ്മർദത്തിലാണ് ഈ വകുപ്പ് ചേർത്തത്. ഉന്നത വിദ്യാഭ്യാസം സംഘപരിവാറിന് അടിയറ വെക്കാനുള്ള ചാൻസിലറുടെ നീക്കത്തിനെതിരെ ഒരു പ്രസ്‌താവന പോലും കെഎസ്‌യുവും എംഎസ്‌എഫും നടത്തിയിട്ടില്ല. ആർഎസ്‌എസിനും ചാൻസിലർക്കും എതിരെ മിണ്ടരുതെന്ന കെപിസിസി പ്രസിഡന്റിന്റെ നിർദേശമാണ് കാരണം. ആർഎസ്‌എസിനെതിരെ വാ തുറക്കാൻ കെഎസ്‌യുവും എംഎസ്‌എഫും മറന്നുപോയിരിക്കുന്നുവെന്നും പി എം ആർഷോ പറഞ്ഞു.