തിരുവനന്തപുരം : സ്വർണക്കടത്ത്, ഡോളർക്കടത്ത് കേസിലെ പ്രതി സ്വപ്നാ സുരേഷ് മുഖ്യമന്ത്രി പിണറായി വിജയനെതിരെ നടത്തിയ വെളിപ്പെടുത്തലുകൾ പ്രതിപക്ഷം ഇന്നു നിയമസഭയിൽ ഉയർത്തും. ഷാഫി പറമ്പിൽ അടിയന്തര പ്രമേയ നോട്ടിസ് നൽകി. കേസ് അട്ടിമറിക്കാൻ സർക്കാർ കൂട്ടുനിൽക്കുന്നുവെന്നും സ്വപ്നയുടെ രഹസ്യമൊഴി തിരുത്താൻ നീക്കം നടന്നുവെന്നും നോട്ടിസിൽ ആരോപിച്ചു.
സ്വപ്ന കോടതി മുൻപാകെ നല്‍കിയ മൊഴിയിലെ ഗുരുതര ആരോപണങ്ങൾ മുതല്‍ കേന്ദ്ര ഏജൻസികളുടെ അന്വേഷണത്തിലെ വിശ്വാസ്യത പോയി എന്നതുവരെയുള്ള വാദങ്ങളിലൂന്നിയാവും വിഷയം സഭാതലത്തിൽ ഉയർത്തുക. മുഖ്യമന്ത്രിക്കെതിരെയുള്ള കരിങ്കൊടി സമരത്തെ അടിച്ചമർത്തിയ രീതിയും രൂക്ഷമായി വിമർശിക്കപ്പെടും. രാഹുൽ ഗാന്ധിയുടെ ഓഫിസ് എസ്എഫ്ഐ പ്രവർത്തകർ ആക്രമിച്ചതും ഉന്നയിക്കും.
ആഭ്യന്തര വകുപ്പിന്റെ ധനാഭ്യർഥനയാണ് സഭയിൽ വരിക. അതിലും പൊലീസിനും മുഖ്യമന്ത്രിക്കും നേരെ വിമർശനം ഉയരും. പ്രതിപക്ഷത്തെ വിട്ടുവീഴ്ചയില്ലാതെ കടന്നാക്രമിക്കാനാണ് ഭരണപക്ഷ തീരുമാനം. സഭാചട്ടങ്ങളുടെ പേരിൽ സഭാതലത്തിലെ പ്രതിപക്ഷ പ്രതിഷേധങ്ങളുടെ ദൃശ്യങ്ങൾ പുറത്തു നൽകുകയുമില്ല.