നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷം എത്തിയ ഷാരൂഖ് ഖാൻ ചിത്രം. അതുതന്നെയാണ് പഠാന് വേണ്ടി ഭാഷാഭേദമെന്യെ സിനിമാസ്വാദകർ കാത്തിരുന്നത്. ചിത്രത്തിന്റേതായി പുറത്തുവന്ന ഓരോ അപ്ഡേറ്റുകളും ആരാധകർ ആഘോഷമാക്കി. പ്രമോഷൻ മെറ്റീരിയലുകൾ വിവാദങ്ങൾക്കും ബഹിഷ്കരണാഹ്വാനങ്ങൾക്കും വഴിവച്ചു. വിമർശനങ്ങൾക്ക് ഒടുവിൽ പഠാൻ തിയറ്ററുകളിലേക്ക് എത്തിയപ്പോൾ ആരാധകരും സിനിമാസ്വാദകരും തിയറ്ററുകളിലേക്ക് ഒഴുകി. ഇരുകയ്യും നീട്ടി സിനിമയെ സ്വീകരിച്ചു. ആദ്യദിനം മുതൽ ബോക്സ് ഓഫീസിൽ മിന്നും പ്രകടനം കാഴ്ചവച്ച പഠാൻ ഇതുവരെ നേടിയ കളക്ഷൻ വിവരം പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ ഇപ്പോൾ.
പഠാൻ റിലീസ് ചെയ്ത് 17 ദിവസമാകുമ്പോൾ 901 കോടിയാണ് നേടിയിരിക്കുന്നത്. ലോകമെമ്പാടുമായുള്ള കണക്കാണിത്. ചിത്രത്തിന്‍റെ വിതരണക്കാരായ യാഷ് രാജ് ഫിലിംസ് ആണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചിരിക്കുന്നത്. ഇന്ത്യയിൽ നിന്നും 558കോടി ചിത്രം നേടിയപ്പോൾ ഓവർസീസ്‍ കളക്ഷൻ 343 കോടിയാണ്. ഈ ആഴ്ച അവസാനിക്കുന്നതിന് മുൻപ് തന്നെ ഷാരൂഖ് ചിത്രം 1000 തൊടുമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ വിലയിരുത്തൽ.
ജനുവരി 25നാണ് പഠാൻ റിലീസ് ചെയ്തത്. സിദ്ധാർത്ഥ് ആനന്ദ് സംവിധാനം ചെയ്ത ചിത്രത്തിൽ ദീപിക പദുക്കോൺ നായികയായും ജോൺ എബ്രഹാം പ്രതിനായക വേഷത്തിലും എത്തിയിരുന്നു. സൽമാൻ ഖാൻ അതിഥി വേഷത്തിൽ എത്തിയത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഡിംപിള്‍ കപാഡിയ, ഷാജി ചൗധരി, ഗൗതം, അഷുതോഷ് റാണ തുടങ്ങി ഒട്ടേറെ താരങ്ങളും ചിത്രത്തിലുണ്ട്. ആമസോണ്‍ പ്രൈം വീഡിയോ ആണ് ചിത്രത്തിന്റെ ഡിജിറ്റല്‍ റൈറ്റ്‍സ് സ്വന്തമാക്കിയിരിക്കുന്നത്.
അതേസമയം, ആറ്റ്ലി സംവിധാനം ചെയ്യുന്ന ജവാന്‍ എന്ന ചിത്രത്തിന്‍റെ ഷൂട്ടിങ്ങിലാണ് ഷാരൂഖ് ഇപ്പോള്‍. വിജയ് സേതുപതിയും പ്രധാനവേഷത്തില്‍ എത്തുന്ന സിനിമയില്‍ നയന്‍താരയാണ് നായിക. ഹിന്ദിക്ക് പുറമെ തമിഴ്, തെലുങ്ക്, മലയാളം, കന്നഡ ഭാഷകളില്‍ പാന്‍ ഇന്ത്യന്‍ റിലീസ് ആയി എത്തുന്ന ‘ജവാന്‍റെ’ റിലീസ് 2023 ജൂണ്‍ രണ്ടിന് ആണ്.