മലയാള സിനിമയിലെ താരസംഘടനയായ ‘അമ്മ’യ്ക്കെതിരെ വീണ്ടും വിമർശനവുമായി ഷമ്മി തിലകൻ. ഹേമ കമ്മീഷൻ റിപ്പോർട്ടുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ നടത്തിയ ചർച്ചയിൽ പങ്കെടുത്ത അമ്മയിലെ പ്രതിനിധികൾക്കെതിരെയാണ് ഷമ്മി രംഗത്തെത്തിയത്. ‘പൊന്നുരുക്കുന്നിടത്ത് പൂച്ചകൾക്ക് എന്താണാവോ കാര്യം?’ എന്ന് കുറിച്ചു കൊണ്ടായിരുന്നു ഷമ്മിയുടെ വിമർശനം.
അമ്മ ജനറല്‍ സെക്രട്ടറി ഇടവേള ബാബു, വൈസ് പ്രസിഡന്റ് മണിയന് പിള്ള രാജു, ട്രഷറര്‍ സിദ്ദിഖ് എന്നിവരാണ് ചർച്ചയിൽ പങ്കെടുത്തിരുന്നത്. മൂവരുടേയും ചിത്രം പങ്കുവച്ചു കൊണ്ടായിരുന്നു ഷമ്മിയുടെ പോസ്റ്റ്. ‘പൊന്നുരുക്കുന്നിടത്ത് പൂച്ചകൾക്ക് എന്താണാവോ കാര്യം..? സിനിമാ മേഖലയിലെ സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങള്‍ പഠിച്ച് തയ്യാറാക്കിയ ഹേമ കമ്മിറ്റി റിപ്പോര്ട്ടിന്മേല് നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാര്‍ നടത്തുന്ന ചര്‍ച്ചയില്‍ പങ്കെടുക്കുന്ന ‘അമ്മ’ പ്രതിനിധികൾ..! സ്ത്രീകളെ ‘പൊടിപോലുമില്ല കണ്ടുപിടിക്കാൻ’ എന്നൊക്കെ പറയുന്നവരോട്..!ഈ ചർച്ചയിൽ ഉരുത്തിരിയുന്ന തീരുമാനം എന്തായിരിക്കും…? പ്രവചിക്കാമോ..?’, എന്നാണ് ഷമ്മി കുറിച്ചത്.
അതേസമയം, ഹേമ കമ്മിറ്റി റിപ്പോർട്ടിലെ വിവരങ്ങൾ പുറത്തുവിടണമെന്ന് വീണ്ടും ആവശ്യപ്പെട്ട് ഡബ്ല്യുസിസി രംഗത്തെത്തി. സിനിമാസംഘടനകൾ സർക്കാരുമായി നടത്തിയ ചർച്ച നിരാശാജനകമായിരുന്നെന്നും ഡബ്ല്യുസിസി പറഞ്ഞു. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വിടുന്നതിൽ എതിർപ്പ് ഇല്ലെന്നാണ് അമ്മ പ്രതികരിച്ചത്. സർക്കാരാണ് ഇതിൽ തീരുമാനം എടുക്കേണ്ടത്. ചർച്ചയിൽ തങ്ങൾക്ക് നിരാശയില്ലെന്നും അമ്മ ഭാരവാഹികൾ പറഞ്ഞു.