തിരുവനന്തപുരം ∙ സമൂഹത്തില്‍ ജാതിബോധം വളര്‍ത്തിയത് രാഷ്ട്രീയക്കാരെന്ന് ശശി തരൂര്‍ എംപി. ജാതിക്ക് രാഷ്ട്രീയത്തില്‍ പ്രാധാന്യമേറെയാണ്. വോട്ടര്‍മാര്‍ക്ക് സന്ദേശം നല്‍കാനായാണ് ജാതി നോക്കി സ്ഥാനാര്‍ഥികളെ നിര്‍ത്തുന്നത്. ജാതിയോ സമുദായമോ നോക്കാതിരുന്നിട്ടും തന്റെ ഓഫിസ് ജീവനക്കാരിലേറെയും നായര്‍ സമുദായത്തിലുള്ളവരെന്നു പരാതിയുണ്ടായിരുന്നു. ഇതുമൂലം ഇതര സമുദായക്കാരെ തിരഞ്ഞുപിടിച്ച് നിയമിക്കേണ്ടി വന്നുവെന്നും നിയമസഭാ പുസ്തകോത്സവത്തില്‍ ശശി തരൂര്‍ പറഞ്ഞു.ശശി തരൂർ തറവാടി നായരാണെന്നു കഴിഞ്ഞദിവസം എൻഎസ്എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ പറഞ്ഞതു വലിയ ചർച്ചയായിരുന്നു. രാജ്യത്തിന്റെ പ്രധാനമന്ത്രിയാകാൻ പോലും തരൂരിന് കഴിവുണ്ടെന്നും എന്നാൽ കൂടെയുള്ളവർ അദ്ദേഹത്തെ അനുവദിക്കില്ലെന്നുമാണു സുകുമാരൻ നായർ പറഞ്ഞത്. ഇതിനെതിരെ പ്രതികരണവുമായി എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ രംഗത്തെത്തി. ഈ വിശേഷണത്തോടെ തരൂരിന്റെ രാഷ്ട്രീയഭാവി തീർന്നെന്നു വെള്ളാപ്പള്ളി പറഞ്ഞു.