ശശി തരൂരിന് സാധാരണ ജനങ്ങളുമായി ബന്ധമില്ലെന്നും അതിനാൽ കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിൽ തന്‍റെ പിന്തുണ മല്ലികാർജുൻ ഖാർഗെക്കാണെന്നും കെ. മുരളീധരൻ എം.പി. ഇന്നത്തെ സാഹചര്യത്തിൽ പാർട്ടിയെ നയിക്കാൻ കരുത്തുള്ളയാൾ മല്ലികാർജുൻ ഖാർഗെയാണെന്നും മുരളീധരൻ പറഞ്ഞു. ‘സാധാരണ ജനങ്ങളുടെ മനസറിയുന്ന ഒരാൾ കോൺഗ്രസ് അധ്യക്ഷനാകണമെന്നാണ് എന്നെപ്പോലുള്ളവർ ആഗ്രഹിക്കുന്നത്. താഴെത്തട്ട് മുതൽ സ്വന്തം അധ്വാനം കൊണ്ട് ഉയർന്നുവന്ന മല്ലികാർജുൻ ഖാർഗെയാണ് നല്ലതെന്നാണ് അഭിപ്രായം. എന്നുകരുതി ഞങ്ങളാരും തരൂരിന് എതിരല്ല. പക്ഷേ, അദ്ദേഹത്തിന് സാധാരണ ജനങ്ങളുമായി ബന്ധം കുറവാണ്. ഇതിൽ അദ്ദേഹത്തെയും കുറ്റം പറയാനാവില്ല. അദ്ദേഹം വളർന്നുവന്ന സാഹചര്യം അതാണ്. പ്രത്യേകിച്ചൊരു ഡിപ്ലോമാറ്റിക് പശ്ചാത്തലമാണ് അദ്ദേഹത്തിനുള്ളത്.
തരൂരിനും പാർട്ടി ഘടനയിൽ ഒരു സ്ഥാനമുണ്ട്. എന്നാൽ ഞങ്ങളെപ്പോലുള്ളവരുടെ വോട്ട് ഇന്നത്തെ സാഹചര്യത്തിൽ പാർട്ടിയെ നയിക്കാൻ കരുത്തുള്ളയാളെന്ന നിലയിൽ മല്ലികാർജുൻ ഖാർഗെക്കാണ്’ -മുരളീധരൻ പറഞ്ഞു.മുതിർന്ന നേതാക്കൾ പക്ഷം പിടിക്കുന്നുവെന്ന് ശശി തരൂർ ആരോപണമുയർത്തിയതിന് പിന്നാലെയാണ് തരൂരിന് വോട്ടില്ലെന്ന് വ്യക്തമാക്കി മുരളീധരൻ രംഗത്തെത്തിയത്. മുതിർന്ന നേതാക്കളോട് വോട്ട് ചോദിക്കില്ലെന്നും സാധാരണ പ്രവർത്തകർ തനിക്കൊപ്പമുണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും തരൂർ പറഞ്ഞിരുന്നു.