തിരുവനന്തപുരം: ഹർത്താലുകളെ വിമർശിച്ച് വീണ്ടും ശശി തരൂർ എം പി. ഐഎൻടിയുസി പരിപാടിയിലാണ് ഹർത്താലിനെയും വഴി തടയലുകളെയും തരൂർ വിമർശിച്ചത്. ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം തടയുന്ന സമര രീതിയെയാണ് തരൂർ വിമർശിച്ചത്. ഐഎന്‍ടിയുസി സംസ്ഥാന പ്രസിഡന്റ് ആർ ചന്ദ്രശേഖരന്റെ സാന്നിധ്യത്തിലാണ് വിമർശനം.ചർച്ചകളിക്കൂടെയാണ് ഹർത്താലുകളിലൂടെയല്ല പ്രശ്നം പരിഹരിക്കണ്ടതെന്ന് ശശി തരൂർ പറഞ്ഞു. ആളുകൾ ആശുപത്രിയിൽ പോകുന്നത് തടയുന്ന സമര രീതി തെറ്റാണെന്നും അദ്ദേഹം വിമര്‍ശിച്ചു. ശശി തരൂരിന്‍റെ പ്രസംഗത്തിന്‍റെ ഇടയില്‍ ചന്ദ്രശേഖരൻ ഇടപെട്ടു. ചർച്ചകൾ നടക്കുന്നില്ലെന്നായിരുന്നു ആർ ചന്ദ്രശേഖരന്റെ പരാമർശം.
പണിമുടക്കാനുള്ള സ്വാതന്ത്രമുണ്ടെങ്കിലും ആളുകളെ തടയുന്നത് അംഗീകരിക്കാനാകില്ലെന്ന് ശശി തരൂർ നേരത്തെ പറഞ്ഞിരുന്നു. ഹർത്താൽ സാമൂഹ്യവിരുദ്ധ പ്രവർത്തമാണെന്ന് നേരത്തെ പറഞ്ഞതാണെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ ഐഎൻടിയുസിയുമായി ബന്ധപ്പെട്ട തർക്കങ്ങൾ അനാവശ്യമാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.