ഇസ്‍ലാമാബാദ്: ഒരുമാസത്തെ അനിശ്ചിതത്വത്തിനൊടുവിൽ പാകിസ്താെൻറ പ്രധാനമന്ത്രിയായി ശഹബാസ് ശരീഫ് അധികാരമേറ്റു. തുടർച്ചയായ രണ്ടാംതവണയാണ് 72കാരനായ ശഹബാസ് പ്രധാനമന്ത്രിയാകുന്നത്. പാകിസ്താന്റെ 24ാമത്തെ പ്രധാനമന്ത്രിയാണിദ്ദേഹം. പ്രധാനമന്ത്രി തെരഞ്ഞെടുപ്പിൽ 201 വോട്ടുകളാണ് മുൻ പ്രധാനമന്ത്രി നവാസ് ശരീഫിന്റെ സഹോദരൻ കൂടിയായ ശഹബാസിന് ലഭിച്ചത്. മുൻ പ്രധാനമന്ത്രി ഇംറാൻ ഖാന്റെ പാർട്ടിയായ പാകിസ്താൻ തഹ്‍രീകെ ഇൻസാഫിന്റെ പിന്തുണയുള്ള ഇത്തിഹാദ് കൗൺസിൽ സ്ഥാനാർഥി ഉമർ അയ്യൂബ് ഖാൻ ആയിരുന്നു എതിർസ്ഥാനാർഥി. അദ്ദേഹത്തിന് 92 വോട്ടുകൾ ലഭിച്ചു.
പൊതുതെരഞ്ഞെടുപ്പിൽ ആകെയുള്ള 265 സീറ്റുകളിൽ പി.ടി.ഐയുടെ പിന്തുണയേകിയവർക്ക് 93 ഉം നവാസ് ശരീഫിന്റെ പാകിസ്താൻ മുസ്‍ലിം ലീഗിന് 80 ഉം സീറ്റുകളാണ് ലഭിച്ചത്. തുടർന്ന് ബിലാവൽ ഭുട്ടോ നേതൃത്വം നൽകുന്ന പാകിസ്താൻ പീപ്ൾസ് പാർട്ടിയുമായി ശരീഫിന്റെ പാർട്ടി കൈകോർക്കുകയായിരുന്നു. നവാസ് ശരീഫ് പ്രധാനമന്ത്രിയാകാനില്ലെന്ന് പ്രഖ്യാപിച്ചതോടെയാണ് ശഹബാസിന് നറുക്ക് വീണത്. ഫെബ്രുവരി എട്ടിനായിരുന്നു പാകിസ്താനിൽ പൊതുതെരഞ്ഞെടുപ്പ്.