തിരുവനന്തപുരം: എം. ശിവശങ്കർ സ്പോർട്സ് യുവജനക്ഷേമ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയാകും. ഒന്നര വർഷത്തിന് ശേഷമാണ് എം. ശിവശങ്കർ സർവീസിൽ തിരിച്ചെത്തിയത്. ചൊവ്വാഴ്ചയാണ് ശിവശങ്കറിനെ തിരിച്ചെടുത്തത്. സസ്പെൻഷൻ പിൻവലിച്ചുകൊണ്ടുള്ള ഉത്തരവ് കൈപ്പറ്റാൻ എം. ശിവശങ്കർ ഇന്ന് സെക്രട്ടറിയേറ്റിൽ എത്തിയിരുന്നു. നയതന്ത്രചാനൽ വഴിയുള്ള സ്വർണ കടത്തു കേസിലെ പ്രതികളുമായുള്ള ബന്ധം പുറത്തുവന്നതോടെയാണ് എം. ശിവശങ്കറിനെ സസ്പെൻഡ് ചെയ്തത്. കഴിഞ്ഞ വർഷം ജൂലൈ 16നായിരുന്നു സസ്പെൻഷൻ. സ്വർണക്കടത്ത് കേസിൽ 98 ദിവസം ശിവശങ്കർ ജയിലിൽ കഴിഞ്ഞിരുന്നു. ആദ്യ സസ്പെന്‍ഷന്റെ കാലാവധി 2021 ജൂലൈ 15ന് ആണ് അവസാനിച്ചത്. ഇതിനു മുൻപായി പുതിയ കാരണം ചൂണ്ടിക്കാട്ടി വീണ്ടും സസ്പെൻഡ് ചെയ്തിരുന്നു. ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതിയുടെ ശിപാർശ അനുസരിച്ചാണ് സസ്പെൻഷൻ പിൻവലിച്ചത്.
2023 ജനുവരിയിൽ ശിവശങ്കർ വിരമിക്കും.