കണ്ണൂര്‍: കണ്ണൂര്‍ അയ്യന്‍കുന്ന് ഉരുപ്പുംകുറ്റി ഉള്‍വനത്തില്‍ ഇന്നലെ രാത്രിയിലും വെടിവെയ്പ്പുണ്ടായതായി സൂചന. രാത്രിയില്‍ ഇടയ്ക്കിടെ വെടിയൊച്ച കേട്ടെന്ന് നാട്ടുകാര്‍ പറഞ്ഞു. ഇന്നലെ രാവിലെ മാവോയിസ്റ്റുകളും തണ്ടര്‍ബോള്‍ട്ടുമായി ഉള്‍വനത്തില്‍ ഏറ്റുമുട്ടലുണ്ടായിരുന്നു. ഇതിനുപിന്നാലെ മേഖലയില്‍ പൊലീസ് വ്യാപകമായ തിരച്ചില്‍ നടത്തുന്നതിനിടെയാണ് രാത്രിയില്‍ വീണ്ടും വെടിവെയ്പ്പിന്‍റെ ശബ്ദം കേട്ടതായി നാട്ടുകാര്‍ പറയുന്നത്. പ്രത്യേക ദൗത്യ സംഘം വനമേഖലയില്‍ തുടരുകയാണ്. ഏറ്റുമുട്ടലിനിടെ രക്ഷപ്പെട്ട മാവോയിസ്റ്റുകൾക്കായി വ്യാപക തെരച്ചിലാണ് നടക്കുന്നത്. ഉൾവനത്തിൽ രണ്ടിലധികം ഷെഡുകളുണ്ടെന്ന സംശയമാണ് പൊലീസിനുള്ളത്. ഈ രണ്ട് ഷെഡ്ഡുകളിലാണ് മാവോയിസ്റ്റുകൾ ഉണ്ടായിരുന്നതെന്നാണ് സംശയിക്കുന്നത്. അതേസമയം, മാവോയിസ്റ്റുകള്‍ രക്ഷപ്പെടാതിരിക്കാന്‍ വനാതിർത്തിയിലെ റോഡുകൾ പൊലീസ് വളഞ്ഞു. അയ്യന്‍കുന്ന് മേഖലയില്‍ കൂടുതല്‍ പൊലീസിനെയും വിന്യസിച്ചിട്ടുണ്ട്.
ഉരുപ്പുംകുറ്റി മാവോയിസ്റ്റ് ആക്രമണം നടന്നപ്പോൾ കാട്ടിൽ ഉണ്ടായിരുന്നത് 8 മാവോയിസ്റ്റുകളാണെന്നാണ് എഫ്ഐആർ. മാവോയിസ്‌റ്റുകൾക്കായി തെരച്ചിൽ നടത്തുകയായിരുന്ന പൊലീസ് സംഘത്തിന് നേരെ ഇവർ വെടിയുതിർത്തു. ഉരുപ്പുംകുറ്റി വനമേഖലയിലെ ഞെട്ടിത്തോട് എന്ന സ്ഥലത്തു വച്ചാണ് വെടിവയ്പ്പ് നടന്നതെന്നും രാവിലെ 9.30 നായിരുന്നു ആക്രമണമെന്നും അന്വേഷണ ഉദ്യോഗസ്ഥനായ തപോഷ് ബസുമതരി വ്യക്തമാക്കി. മാവോയിസ്റ്റുകളുടെ ഭാഗത്ത് നിന്ന് നിരവധി തവണ വെടിവയ്പ്പുണ്ടായെന്നും ഏറ്റുമുട്ടൽ നടന്ന ഞെട്ടിത്തോട് മാവോയിസ്റ്റുകൾ തമ്പടിച്ച ഷെഡുകളുണ്ടായിരുന്നുവെന്നും തീവ്രവാദ വിരുദ്ധ സേന ഡിഐജി പുട്ട വിമലാദിത്യ പറഞ്ഞു. സംഭവത്തിൽ യുഎപിഎ നിയമത്തിലെ വകുപ്പുകളടക്കം ചുമത്തി കേസെടുത്തു.
പ്രദേശത്ത് കഴിഞ്ഞ ദിവസങ്ങളിൽ മാവോയിസ്റ്റുകൾ എത്തിയിരുന്നു. നിരീക്ഷണം ശക്തമാക്കിയ തണ്ടർബോൾട്ട് ഇന്നലെ രാവിലെ തെരച്ചിലിന് ഇറങ്ങിയപ്പോഴാണ് വെടിവയ്പ്പ് ഉണ്ടായത്. ഏറ്റുമുട്ടലിനിടെ മാവോയിസ്റ്റുകൾ ഉൾക്കാട്ടിലേക്ക് പിൻവലിഞ്ഞു. മാവോയിസ്റ്റുകൾക്ക് വെടിയേറ്റുവെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ. ഇരിട്ടി മേഖലയിലെ ആശുപത്രികളിൽ പോലീസ് പ്രത്യേക നിരീക്ഷണം ഏർപ്പെടുത്തി. ഇരിട്ടി എ എസ് പി ക്കാണ് അന്വേഷണ ചുമതല.




















