തിരുവനന്തപുരം∙ വാങ്ങിയ സാധനത്തിന്റെ പണം ചോദിച്ചതിനു പലചരക്ക് കടയുടമയ്ക്കു മർദനം. തിരുവനന്തപുരം വര്‍ക്കലയില്‍ തിങ്കളാഴ്ച വൈകിട്ട് നാലിനാണ് സംഭവം. വർക്കല മേൽവട്ടൂരിൽ പലചരക്ക് കട നടത്തുന്ന സതീശനെയാണ് മേല്‍വെട്ടൂര്‍ സ്വദേശി അനീഷ് മർദിച്ചത്. അനീഷ് ഒളിവിലാണെന്ന് പൊലീസ് പറഞ്ഞു.
അനീഷ് കടയിൽനിന്ന് 10 മുട്ടയും ഒരു പാക്കറ്റ് ചപ്പാത്തിയും വാങ്ങിയിരുന്നു. ഇതിന്റെ പണം സതീശൻ ആവശ്യപ്പെട്ടപ്പോൾ ‘നിനക്ക് പണം വേണം അല്ലെ’ എന്നു ചോദിച്ച് മർദിക്കുകയായിരുന്നു. സംഭവം കണ്ട സമീപത്തെ ഒട്ടോറിക്ഷ ഡ്രൈവറാണ് അനീഷിനെ പിടിച്ചുമാറ്റിയത്. സതീശൻ താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്.