വൈത്തിരി: വയനാട് പൂക്കോട് വെറ്ററിനറി സർവകലാശാല വിദ്യാർഥി സിദ്ധാർഥനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ ഹോസ്റ്റലിലെ മുഴുവൻ വിദ്യാർഥികൾക്കും സസ്പെൻഷൻ. സിദ്ധാർഥനെ മർദിക്കുമ്പോൾ ഹോസ്റ്റലിൽ ഉണ്ടായിരുന്ന വിദ്യാർഥികളേയാണ് ഒരാഴ്ചത്തേക്ക് സസ്പെൻഡ് ചെയ്തത്.
പരസ്യ മർദനവും വിചാരണയുമെല്ലാം അറിഞ്ഞിട്ടും അധികൃതരെ അറിയിക്കാത്തതിനാണ് ഒന്നാം വർഷ വിദ്യാർഥികൾ ഉൾപ്പെടെ മുഴുവൻ പേർക്കും തിങ്കളാഴ്ച മുതൽ ഒരാഴ്ചത്തേക്ക് സസ്പെൻഷൻ നൽകിയത്. സിദ്ധാർഥനെ മർദിച്ച 19 പേരെ കോളജ് ഹോസ്റ്റലിൽ നിന്നും നേരത്തെ പുറത്താക്കിയിരുന്നു. ഇവർക്ക് മൂന്ന് വർഷത്തേക്ക് മറ്റൊരും കോഴ്സിനും ചേരാനാകില്ല. വീട്ടിലേക്ക് മടങ്ങിയ സിദ്ധാർഥനെ കോളജിലേക്ക് തിരിച്ചെത്താൻ ആവശ്യപ്പെടുകയും മർദിക്കുകയും ചെയ്ത 10 വിദ്യാർഥികളെയും പുറത്താക്കി. ഇവർക്ക് ഒരു വർഷത്തേക്ക് പരീക്ഷ വിലക്കുണ്ട്.
സിദ്ധാർഥന്റെ അതിക്രമത്തിൽ ഹോസ്റ്റിലിലെ 31 വിദ്യാർഥികൾ ഉൾപ്പെട്ടതായി ആന്റി റാഗിങ് സ്ക്വാഡ് റിപ്പോർട്ട് നൽകിയിരുന്നു. 130 വിദ്യാർഥികളാണ് ആകെ ഹോസ്റ്റലിൽ ഉണ്ടായിരുന്നത്. തെളിവെടുപ്പിന്റെ ഭാഗമായി ക്യാമ്പസിലെ വിദ്യാർഥികളെ പുറത്തുവിടേണ്ടതില്ലെന്ന് പൊലീസ് നിർദേശം നൽകിയിരുന്നു.
ബി.വി.എസ്.സി രണ്ടാംവര്‍ഷ വിദ്യാർഥിയായ സിദ്ധാർഥനെ (21) ഫെബ്രുവരി 18നാണ് വെറ്ററിനറി സര്‍വകലാശാലയിലെ ആണ്‍കുട്ടികളുടെ ഹോസ്റ്റലിൽ മരിച്ചനിലയിൽ കണ്ടെത്തിയത്.