മോസ്കോ : യുക്രൈന്റെ കിഴക്കൻ വിമത പ്രദേശങ്ങളെ റഷ്യ സ്വതന്ത്ര രാജ്യങ്ങളായി പ്രഖ്യാപിച്ചതിനു പിന്നാലെ ഈ പ്രദേശങ്ങളിൽ ഉപരോധം ഏർപ്പെടുത്തി യു.എസ്. ഇവിടങ്ങളിൽ റഷ്യൻ സൈന്യത്തെ വിന്യസിക്കുന്നതുവരെ ചർച്ചകൾക്കുള്ള സാധ്യത നിലനിർത്താനാണ് അമേരിക്കയുടെ തീരുമാനം. യുക്രൈന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് യൂറോപ്യൻ യൂണിയനും രംഗത്തെത്തിയിട്ടുണ്ട്. ഡോൺബാസ് എന്നറിയപ്പെടുന്ന ഡൊനെറ്റ്സ്ക്, ലുഹാൻസ്ക് മേഖലകളിലെ റഷ്യൻ പിന്തുണയുള്ള വിഘടനവാദികൾ 2014-ൽ യുക്രൈനിയൻ സർക്കാർ നിയന്ത്രണത്തിൽ നിന്ന് പിരിഞ്ഞ് സ്വയം സ്വതന്ത്ര ‘പീപ്പിൾസ് റിപ്പബ്ലിക്’ എന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഇതുവരെ ഇവർ അംഗീകരിക്കപ്പെട്ടിരുന്നില്ല. ഇവ സ്വതന്ത്ര പ്രദേശങ്ങളായി അംഗീകരിച്ചതായി ഇന്നലെയാണ് റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിൻ പ്രഖ്യാപിച്ചത്. യുക്രൈൻ-റഷ്യ സമാധാന ചർച്ചകൾക്ക് കനത്ത ആഘാതം സൃഷ്ടിക്കുന്നതാണ് റഷ്യയുടെ നടപടിയെന്നാണ് വിലയിരുത്തപ്പെടുന്നത്.
രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ടായിരുന്നു പുടിന്റെ പ്രഖ്യാപനം. പാശ്ചാത്യ രാജ്യങ്ങൾ യുക്രൈനെ റഷ്യൻ വിരുദ്ധ കോട്ടയാക്കി മാറ്റുന്നുവെന്ന് ആരോപിച്ച പുടിൻ ഡൊനെറ്റ്സ്ക്, ലുഗാൻസ്ക് എൻക്ലേവുകൾക്ക് സ്വാതന്ത്ര്യം നൽകുന്നതായി അറിയിച്ചു. പ്രദേശത്ത് സമാധാന പരിപാലനത്തിനായി റഷ്യ പ്രവർത്തിക്കുമെന്നും സൈന്യത്തെ അയക്കുമെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ പ്രദേശത്തെ സൈനിക നീക്കങ്ങളെ പറ്റി അദ്ദേഹം കൂടുതൽ പ്രതികരിച്ചില്ല. 2014 മുതൽ റഷ്യൻ പിന്തുണയോടെ യുക്രൈൻ സൈന്യവുമായി ഏറ്റുമുട്ടി കൊണ്ടിരിക്കുകയായിരുന്നു ഡൊനെറ്റ്സ്ക്, ലുഹാൻസ്ക് പ്രദേശങ്ങൾ. രഹസ്യ സൈനിക പിന്തുണ, സാമ്പത്തിക സഹായം, കോവിഡ് വാക്സിനുകളുടെ വിതരണം, താമസക്കാർക്ക് കുറഞ്ഞത് 800,000 റഷ്യൻ പാസ്പോർട്ടുകൾ വിതരണം ചെയ്ത നടപടി എന്നിങ്ങനെ നിരവധി മാർഗങ്ങളിലൂടെ വിമതരെ റഷ്യ പിന്തുണച്ചിട്ടുണ്ട്.
ഇതാദ്യമായാണ് ഡോൺബാസിനെ യുക്രൈനിന്റെ ഭാഗമായി കണക്കാക്കുന്നില്ലെന്ന് റഷ്യ പരസ്യമായി പറയുന്നത്. ഇത് അംഗീകരിക്കുന്നതിലൂടെ റഷ്യയ്ക്ക് ഈ മേഖലയിലേക്ക് പരസ്യമായി സൈനികരെ അയക്കാൻ സാധിക്കും. യുക്രൈനിലേക്ക് ഒരു നേരിട്ടുള്ള പ്രവേശനം സാധ്യമാക്കാനും ഇതോടെ റഷ്യയ്ക്ക് കഴിയും. യുക്രൈനുമേൽ ചെലുത്തുന്ന സമ്മർദ്ദം കൂട്ടാനും ഈ തീരുമാനത്തിലൂടെ കഴിയും. നേരിട്ടുള്ള ഒരു സൈനിക സംഘർഷത്തിലേക്ക് കടക്കാനുള്ള സാധ്യതകൾ വർദ്ധിപ്പിക്കുന്നതാണ് റഷ്യയുടെ ഈ തീരുമാനം. യുക്രൈൻ അതിർത്തിയിൽ ഒന്നര ലക്ഷത്തോളം സൈനികരെ വിന്യസിച്ചുകൊണ്ട് റഷ്യ കടന്നുകയറ്റത്തിനുള്ള ശ്രമമാണ് നടത്തികൊണ്ടിരിക്കുന്നതെന്ന യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ മുന്നറിയിപ്പിന് പിന്നാലെയാണ് പുതിയ സംഭവവികാസങ്ങൾ.
അതേസമയം റഷ്യ അംഗീകരിച്ച കിഴക്കൻ യുക്രൈനിലെ ഡോൺബാസ് മേഖലയിലെ റഷ്യൻ പിന്തുണയുള്ള രണ്ട് പ്രദേശങ്ങളിൽ പ്രസിഡന്റ് ജോ ബൈഡൻ ഉപരോധം ഏർപ്പെടുത്തി. എന്നാൽ യുക്രൈനിലെ വിഘടനവാദ മേഖലകളിൽ റഷ്യൻ സൈന്യത്തെ വിന്യസിക്കാനുള്ള പ്രസിഡന്റ് വ്ളാഡിമിർ പുടിന്റെ ഉത്തരവ് വരുന്നതുവരെ കാത്തിരിക്കാനാണ് അമേരിക്കയുടെ തീരുമാനം. ‘ടാങ്കുകൾ ഉരുളുന്നത് വരെ’ ചർച്ചകൾ സാധ്യമാണെന്ന് വൈറ്റ് ഹൗസ് പറഞ്ഞു. പക്ഷേ റഷ്യൻ സായുധ സേനയ്ക്ക് അവിടെ ‘സമാധാന പരിപാലനം’ നടത്താനുള്ള പുടിന്റെ ഉത്തരവ് ഒരു അധിനിവേശമായി കണക്കാക്കുന്നുണ്ടോ എന്ന് വിശദീകരിക്കാൻ ഒരു മുതിർന്ന യുഎസ് ഉദ്യോഗസ്ഥൻ വിസമ്മതിച്ചു.
യുക്രൈൻ പരമാധികരത്തിൻമേൽ കടന്നുകയറി അന്തരാഷ്ട്ര നിയമങ്ങളുടെ നഗ്നമായ ലംഘനമാണ് നടത്തിയിരിക്കുന്നതെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ പ്രതികരിച്ചു. യുക്രൈന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് യൂറോപ്യൻ യൂണിയനും രംഗത്തെത്തി. റഷ്യക്ക് മേൽ ഉപരോധം ഏർപ്പെടുത്തുമെന്ന് ഫ്രാൻസ് അറിയിച്ചിട്ടുണ്ട്. യുക്രൈനെ ആക്രമിക്കുമെന്നുള്ള ആരോപണങ്ങൾ നിരന്തരമായി റഷ്യ നിഷേധിക്കുകയാണെങ്കിലും രാജ്യത്തിന്റെ മൂന്ന് വശത്തും വൻ തോതിൽ സൈനികരെ വിന്യസിച്ചിരിക്കുകയാണ് റഷ്യ. സ്വതന്ത്രമാക്കിയ ഡൊണെറ്റ്സ്കിലും ലുഹാൻസ്കിലും യുക്രൈൻ വിമതരുടെ സഹായത്തോടെ റഷ്യ സൈനിക നീക്കങ്ങൾ നടത്താനുള്ളഒരുക്കത്തിലാണെന്നും യുഎസ് മുന്നറിയിപ്പ് നൽകുന്നുണ്ട്.