തിരുവനന്തപുരം: നാടും നഗരവും ഇളക്കിമറിച്ച ലോക്സഭ തെരഞ്ഞെടുപ്പിന്‍റെ പരസ്യ പ്രചാരണത്തിന് തിരശ്ശീല വീണതിന് പിന്നാലെ ഇന്ന് നിശ്ശബ്ദ പ്രചാരണം. മുന്നണികൾക്ക് നിർണായകമായ നിശബ്ദപ്രചാരണത്തിന് ശേഷം വെള്ളിയാഴ്ച കേരളം സമ്മതിദാനാവകാശം വിനിയോഗിക്കും.
വെള്ളിയാഴ്ച രാവിലെ എഴു മുതൽ വൈകീട്ട് ആറുവരെ നടക്കുന്ന വോട്ടെടുപ്പിൽ 20 മണ്ഡലങ്ങളിലായി 194 സ്ഥാനാർഥികളാണ് മത്സരിക്കുന്നത്. 2,77,49,159 വോട്ടർമാർ സമ്മതിദാനം വിനിയോഗിക്കും. 25,231 ബൂത്തുകളിലായി 30,238 ബാലറ്റ് യൂനിറ്റുകളും 30,238 കൺട്രോൾ യൂനിറ്റുകളും 32,698 വിവിപാറ്റ് യന്ത്രങ്ങളുമാണ് ഉപയോഗിക്കുക.
ആറു ജില്ലകളിൽ നിരോധനാജ്ഞ
ലോക്സഭ തെരഞ്ഞെടുപ്പിന്റെ ഭാഗമായി കണ്ണൂർ, കാസർകാട്, കോഴിക്കോട്, പത്തനംതിട്ട, തൃശൂർ, മലപ്പുറം ജില്ലകളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. പരസ്യ പ്രചാരണം അവസാനിച്ച 24ന് വൈകീട്ട് ആറുമുതൽ 27 രാവിലെ ആറുവരെയാണ് 144 പ്രഖ്യാപിച്ചത്.