കണ്ണൂർ: സിൽവർലൈൻ കേരളത്തിന്റെ സ്വപ്ന പദ്ധതിയായി സിപിഎം കേരള ഘടകം ഉയർത്തിക്കാട്ടുമ്പോൾ ദേശീയ നേതൃത്വത്തിൽ വ്യത്യസ്ത അഭിപ്രായങ്ങൾ. സിൽവർലൈൻ പദ്ധതിക്കെതിരെ പ്രതിഷേധം ശക്തമായ സാഹചര്യത്തിൽ, വലിയ സാമ്പത്തിക ബാധ്യതയുള്ള പദ്ധതി ജനങ്ങളുടെ എതിർപ്പ് അവഗണിച്ചു നടപ്പിലാക്കണോ എന്ന ചോദ്യമാണു നേതൃത്വത്തിൽ പലരും ഉയർത്തുന്നത്. മുംബൈ–അഹമ്മദാബാദ് അതിവേഗ റെയിൽ പദ്ധതിക്കെതിരെ സമരം ചെയ്യുന്ന സിപിഎം, കേരളത്തിൽ മറിച്ചൊരു നിലപാടെടുക്കുന്നതു ജനങ്ങളെ എങ്ങനെ ബോധ്യപ്പെടുത്തുമെന്ന ആശങ്കയും അവർ ഉയർത്തുന്നു.
പദ്ധതി കേരള വികസനത്തിന് അനിവാര്യമാണെന്ന് പൊളിറ്റ് ബ്യൂറോ (പിബി) അംഗവും മുതിർന്ന നേതാവുമായ എസ്.രാമചന്ദ്രൻപിള്ള വ്യക്തമാക്കുമ്പോൾ, പഠനങ്ങൾ പൂർത്തിയാകട്ടെയെന്ന അഭിപ്രായമാണ് ദേശീയ സെക്രട്ടറി സീതാറാം യച്ചൂരിയുടേത്. ബംഗാളിലെ സിങ്കൂരിന്റെയും നന്ദിഗ്രാമിന്റയും അവസ്ഥ സിപിഎം ഓർക്കണമെന്ന പ്രതിപക്ഷത്തിന്റെ വിമർശനങ്ങളെ തള്ളിയ എസ്ആർപി, ഇതു രണ്ടും തമ്മിൽ ഒരു താരതമ്യത്തിന്റെയും ആവശ്യമില്ലെന്നു വ്യക്തമാക്കുന്നു.
സംസ്ഥാന സർക്കാരിന്റെ പ്രവർത്തനത്തെ സംബന്ധിച്ചു പ്രത്യേക ചർച്ച സമ്മേളനത്തിൽ ഉണ്ടാകാനിടയില്ല. സിൽവർലൈന്‍ പദ്ധതിയെ ബംഗാളിലെ പാർട്ടി അനുഭവവുമായി ബന്ധപ്പെടുത്താൻ ചർച്ചയിൽ അവിടെനിന്നുള്ള പ്രതിനിധികളോ അതിവേഗ റെയില്‍ പദ്ധതി വരുന്ന മറ്റു സംസ്ഥാനങ്ങളിലെ പ്രതിനിധികളോ തയാറാകുമോയെന്ന് നേതൃത്വം ഉറ്റുനോക്കുന്നു. വികസനത്തിനു പദ്ധതി അനിവാര്യമാണെന്ന കാര്യം ചർച്ചയിലൂടെ അവരെ ബോധ്യപ്പെടുത്താനാണ് കേരള ഘടകത്തിന്റെ ശ്രമം.
പാർട്ടി ഭരണത്തിലുള്ള ഏക സംസ്ഥാനമായ കേരളമാണ് പാർട്ടിയുടെ പ്രതീക്ഷയായി സംഘടനാ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നത്. തുടർഭരണമെന്ന അസാധാരണ നേട്ടത്തിന്റെ സാഹചര്യത്തിലാണ് പാർട്ടിയുടെ കരുത്തായ കണ്ണൂരിൽ 23–ാം പാര്‍ട്ടി കോൺഗ്രസ് ആരംഭിക്കുന്നത്. മികച്ച ഭരണത്തിലൂടെ അധികാരം നിലനിർത്തിയെന്ന പ്രതിച്ഛായ നിലനിൽക്കെ, കേരള സർക്കാരിന്റെ നടപടികൾക്കെതിരെ കാര്യമായ വിമർശനം ഉയരാനുള്ള സാഹചര്യം കുറവാണ്. ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള നേതാക്കളോട് സിൽവർലൈൻ പദ്ധതിയെക്കുറിച്ചും നടപ്പിലാക്കുന്ന സാഹചര്യത്തെക്കുറിച്ചും സംസ്ഥാന നേതാക്കൾ ആശയവിനിമയം നടത്തുന്നുണ്ട്. കേന്ദ്രം തത്വത്തിൽ അനുമതി നൽകിയ കാര്യവും സർവേയ്ക്കു കോടതി അനുമതിയുള്ള കാര്യവും പുറമേയുള്ള ചർച്ചകളിൽ വിഷയമാകുന്നുണ്ട്.
പാർട്ടി കോൺഗ്രസിനുശേഷം തലസ്ഥാനത്തെത്തുന്ന മുഖ്യമന്ത്രി സിൽവർലൈൻ വിഷയത്തിൽ ജനങ്ങൾക്കുള്ള ആശങ്ക പരിഹരിക്കാൻ കൂടുതൽ നടപടികൾക്കു തുടക്കമിടുമെന്നാണു വിവരം. ജില്ലാ ഭരണകൂടത്തിന്റെയും തദ്ദേശ സ്ഥാപനങ്ങളുടെയും നേതൃത്വത്തിൽ അവബോധ പരിപാടികൾ നടത്താനാണു തീരുമാനം. കെ–റെയിൽ കോർപറേഷന്റെ നേതൃത്വത്തിൽ ജനങ്ങളുടെ സംശയങ്ങൾക്കു മറുപടി നൽകാൻ ഓൺലൈൻ പരിപാടിയും ആരംഭിക്കും. ജനങ്ങളുടെ ചോദ്യങ്ങൾക്കു വിദഗ്ധർ മറുപടി നൽകും. പ്രതിപക്ഷ സമരത്തെ അവഗണിച്ച്, എന്നാൽ ജനത്തിന്റെ ആശങ്ക കണക്കിലെടുത്ത് മുന്നോട്ടുപോകാനാണ് പാർട്ടി സംസ്ഥാന ഘടകത്തിന്റെ നിർദേശം.