കൊച്ചി : കെ റെയിൽ പദ്ധതിയിൽ ഉയർന്നിട്ടുള്ള ആശങ്കകൾക്കും ചോദ്യങ്ങൾക്കും മറുപടി നൽകാതെ പദ്ധതിയുമായി മുന്നോട്ടു പോകാൻ സർക്കാരിനെ അനുവദിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. പദ്ധതി നടപ്പാക്കാൻ സർക്കാർ തീരുമാനിക്കുമ്പോൾ രണ്ടു മണിക്കൂർ നിയമസഭയിൽ ചർച്ച ചെയ്യണമെന്ന ആവശ്യം പോലും അംഗീകരിക്കാൻ തയാറായില്ല. പൂർത്തിയാകുമ്പോൾ രണ്ടു ലക്ഷം കോടി രൂപ ചെലവു വരുന്ന കേരളത്തിലെ ഏറ്റവും വലിയ പദ്ധതിയാണിത്. ഇതിനെക്കുറിച്ച് രണ്ടു മണിക്കൂർ ചർച്ചയ്ക്കു പോലും തയാറാകാത്ത സർക്കാരാണ് ദുരൂഹത വർധിപ്പിച്ചിരിക്കുന്നത്. ഡിപിആർ പോലും തയാറാക്കിയിട്ടില്ലാത്ത തട്ടിക്കൂട്ടു പദ്ധതിയാണിത്.
പദ്ധതിയുടെ സാമ്പത്തിക സ്രോതസ്സ് എന്താണെന്നു സർക്കാർ പറയണം. ഇത്ര പരിതാപകരമായ സാമ്പത്തിക സാഹചര്യമുള്ള കേരളത്തിന് ഇത് എങ്ങനെ താങ്ങും എന്നതാണ് പ്രധാന ചോദ്യം. പദ്ധതിയെക്കുറിച്ച് പാരിസ്ഥിതിക പഠനം നടത്തിയിട്ടുണ്ടോ എന്നു പറയണം. പഠനം നടത്താതെ പദ്ധതിയുമായി മുന്നോട്ടു പോകുന്നത് കേരളത്തെ ദുരന്തഭൂമിയാക്കി മാറ്റും എന്നതാണ് പ്രതിപക്ഷത്തിന്റെ ആശങ്ക. സാമൂഹിക ആഘാതപഠനം നിർബന്ധമായും നടത്തണം. കെ റെയിലിന് ഇന്ത്യൻ റെയിൽവേയുടേയോ കേന്ദ്ര സർക്കാരിന്റെയോ അനുമതി ലഭിച്ചിട്ടില്ല. ഇതിനു വേണ്ടിയുള്ള ഡിപിആർ പുറത്തു വിടണം തുടങ്ങിയവയാണ് പ്രതിപക്ഷ ആവശ്യങ്ങൾ. പ്രതിപക്ഷം എന്ന നിലയിൽ ഈ ചോദ്യങ്ങൾ ഉയർത്താൻ ബാധ്യതയുണ്ട് എന്നു മാത്രമല്ല മാറി നിന്നാൽ നാളെ കേരള ജനതയുടെ ജനകീയ വിചാരണയ്ക്ക് വിധേയനാകേണ്ടി വരും.
ഈ പദ്ധതി എവിടെ ചർച്ച ചെയ്യും എന്നു പറയണം. സിപിഎം നേതാക്കൾ മാത്രം ചർച്ച ചെയ്താൽ മതിയാകില്ല. പ്രതിപക്ഷ ചോദ്യങ്ങൾക്കു മറുപടി പറയാതെ മുന്നോട്ടു പോകാൻ സർക്കാരിനു സാധ്യമല്ല എന്നതാണ് നിലപാട്. മുഖ്യമന്ത്രി പിണറായി വിജയന്റേത് ചരിത്ര പുരുഷനാകാനുള്ള ശ്രമമാണ്. നവോത്ഥാന പുരുഷനാകാനുള്ള ശ്രമം നടത്തി ഓടി ഒളിച്ചതു പോലെ സിൽവർ ലൈൻ പദ്ധതി നടത്താനിറങ്ങി ഒടുവിൽ അതു ദുരുന്തപൂർണമാകും. വിഴിഞ്ഞം തുറമുഖ പദ്ധതി യുഡിഎഫ് കൊണ്ടുവന്നപ്പോൾ 6000 കോടിയുടെ റിയൽ എസ്റ്റേറ്റ് പദ്ധതിയാണ് എന്നു പറഞ്ഞ് ആക്ഷേപിക്കുകയും അധികാരത്തിൽ വന്നശേഷം അദാനിയുമായി സമരസപ്പെടുകയും ചെയ്തയാളാണ് പിണറായി. വികസന വിരുദ്ധതയുടെ തൊപ്പി യുഡിഎഫിന്റെ തലയിൽ ചുമത്തേണ്ടതില്ല. അതു യോജിച്ചത് സിപിഎമ്മിനും പിണറായിക്കുമാണ്. പദ്ധതി സിപിഐക്കാരെയും ശാസ്ത്ര സാഹിത്യ പരിഷത്തിനെ ഒക്കെയും ബോധ്യപ്പെടുത്തൂ. സർക്കാർ ഒരു പദ്ധതി കൊണ്ടു വന്നപ്പോൾ എതിർക്കുകയല്ല പ്രതിപക്ഷം ചെയ്തിരിക്കുന്നത്.
കേരളത്തിന്റെ ചരിത്രത്തിൽ ഒരു മുന്നണിയും ചെയ്തിട്ടില്ലാത്ത വിധം പഠനം നടത്തി, പൊതു ജനങ്ങളുമായി സംസാരിച്ച് പദ്ധതിയുമായി ബന്ധപ്പെട്ടവരുമായി ചർച്ച നടത്തി, യുഡിഎഫ് ഘടകകക്ഷികളുമായി ചർച്ച ചെയ്താണ് നിലപാടെടുത്തത്. വിഷയം നിയമസഭയിൽ കൊണ്ടുവന്നപ്പോൾ ചർച്ച ചെയ്യാതെ, ഉത്തരം പറയാതെ വന്നപ്പോഴാണ് സമര പ്രഖ്യാപനം നടത്തിയത്. ഇത്രയും ഭംഗിയായി ഒരു മുന്നണിയും ഒരു വിഷയവും പഠിച്ച് മുന്നോട്ടു വന്നിട്ടില്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.