തിരുവനന്തപുരം: നിയമസഭയിലെ സില്‍വര്‍ ലൈന്‍ പദ്ധതി സംബന്ധിച്ച അടിയന്തര പ്രമേയ ചര്‍ച്ചയിൽ, പദ്ധതിയെ ശക്തമായി എതിർത്ത് പ്രതിപക്ഷം. സംസ്ഥാനത്ത് കെ-ഗുണ്ടായിസം നടക്കുന്നുവെന്നും സ്വകാര്യ ഭൂമിയില്‍ കയറി പൊലീസ് അഴിഞ്ഞാടുന്നുവെന്നും അടിയന്തര പ്രമേയം അവതരിപ്പിച്ച പി.സി.വിഷ്ണുനാഥ് എംഎൽഎ പറഞ്ഞു. പ്രതിപക്ഷത്തിൽ നിന്നുൾപ്പെടെ 14 പേരാണ് ചര്‍ച്ചയില്‍ പങ്കെടുക്കുന്നത്.
∙ പി.സി.വിഷ്ണുനാഥ്
സിൽവർ ലൈൻ പദ്ധതിയെ എതിർക്കുന്നവരെ കുട്ടികളുടെ മുന്നിൽവച്ച് പൊലീസ് വലിച്ചിഴക്കുകയാണെന്ന് പി.സി.വിഷ്ണുനാഥ് പറഞ്ഞു. പദ്ധതിയുടെ പേരിൽ പൊലീസ് അഴിഞ്ഞാടുകയാണ്. പൊലീസ് ഉൾപ്പെടുന്ന സംഘം വീട്ടിലേക്കു കയറിവന്ന് മാനദണ്ഡം പാലിക്കാതെ മഞ്ഞക്കല്ലിടുകയാണ്. സാമൂഹിക ആഘാത പഠനത്തിന്റെ പേരിൽ സാമൂഹിക അതിക്രമമാണ് നടക്കുന്നത്. അടുക്കളയിൽവരെ പദ്ധതിക്കായി കല്ലിടുന്നു. പദ്ധതി സമ്പന്നർക്കായി മാത്രമുള്ളതാണ്. മുംബൈ–അഹമ്മദാബാദ് അതിവേഗ റെയിൽ പാത പദ്ധതിക്കെതിരെ സമരം ചെയ്യുന്ന സിപിഎം ഇവിടെ പദ്ധതിയെ അനുകൂലിക്കുന്നത് ഇരട്ടത്താപ്പാണെന്നും പി.സി.വിഷ്ണുനാഥ് പറഞ്ഞു.
∙ വി.ഡി.സതീശൻ
വരേണ്യവർഗത്തിനു വേണ്ടിയാണ് സിൽവർ ലൈൻ പദ്ധതിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. കേരളം മുഴുവൻ സിൽവർ ലൈനിന്റെ ഇരകളാകും. പദ്ധതിക്ക് ആവശ്യമായ പഠനങ്ങൾ നടത്തിയിട്ടില്ല. പൊതുഗതാഗതം മെച്ചപ്പെടുത്തണം എന്നതിൽ തർക്കമില്ല. എന്നാൽ, മറ്റു പൊതുഗതാഗത സംവിധാനങ്ങളെ വിഴുങ്ങുന്നതാണ് സിൽവർ ലൈൻ പദ്ധതി. കെഎസ്ആർടിസിയെ സ്വാഭാവിക മരണത്തിന് വിട്ടുകൊണ്ടാണ് സിൽവർ ലൈൻ പദ്ധതി വരുന്നത്.
പദ്ധതിക്ക് ചെലവ് രണ്ടു ലക്ഷം കോടി രൂപ കടക്കുമെന്നറിയാൻ പാഴൂർ പടിപ്പുര വരെ പോകേണ്ടതില്ല. കുട്ടികൾക്ക് പാലും മുട്ടയും പോലും കൊടുക്കാത്ത സർക്കാരാണിത്. എന്തും ചെയ്യാനുള്ള അവകാശമല്ല ജനവിധി. ഏകാധിപതിയുടെ സ്വഭാവമാണ് മുഖ്യമന്ത്രിക്ക്. പദ്ധതിയുടെ ഡേറ്റകളിൽ തിരിമറി നടന്നു. ഡേറ്റ കൃത്രിമം ക്രിമിനൽ കുറ്റമാണ്. ഇതു ചെയ്തവർ ജയിലിൽ പേകേണ്ടിവരും. സ്പീഡാണ് വികസനം എന്നു പറയുന്നത് ഇടതുപക്ഷ വിരുദ്ധതയാണെന്നും വി.ഡി.സതീശൻ പറഞ്ഞു.
∙ രമേശ് ചെന്നിത്തല
സിൽവർ ലൈന്‍ പദ്ധതിക്ക് എതിരെയുള്ള ശക്തമായ സമരം സർക്കാർ കണ്ടില്ലെന്നു നടിക്കരുതെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വേഗത്തിൽ സഞ്ചരിക്കാൻ ജനശതാബ്ദി അടക്കമുള്ള ട്രെയിനുകളുണ്ട്. ട്രാക്കിലെ വളവും സിഗ്നൽ സംവിധാനവും ശരിയാക്കിയാൽ നാലോ അഞ്ചോ മണിക്കൂർ കൊണ്ട് കാസർകോട് എത്താം. ഈ പദ്ധതിയുമായി മുന്നോട്ടു പോകണോ എന്ന് സർക്കാർ ആലോചിക്കണം. പദ്ധതിയുടെ ചെലവിനെ സംബന്ധിച്ച് അവ്യക്തതയുണ്ട്. ഇത്രയും വലിയ പണച്ചെലവുള്ള പദ്ധതി നടപ്പിലാക്കേണ്ട ആവശ്യം എന്താണ്. പ്രതിപക്ഷം വികസനത്തിന് എതിരല്ല. സംസ്ഥാനത്തെ വൻകിട പദ്ധതികൾ നടപ്പിലാക്കിയത് യുഡിഎഫാണെന്നും രമേശ് ചെന്നിത്തല അവകാശപ്പെട്ടു.
സമരങ്ങളോട് എന്നു മുതലാണ് നിങ്ങള്‍ക്ക് പുച്ഛം തുടങ്ങിയതെന്ന് എ.എൻ ഷംസീറിനോട് രമേശ് ചെന്നിത്തല ചോദിച്ചു. സിൽവർലൈൻ ഇടത് പരിസ്ഥിതി വാദികളും സംഘടനകളും എതിര്‍ക്കുന്ന പദ്ധതിയെന്നും ചെന്നിത്തല ആരോപിച്ചു. യുഡിഎഫിന്റെ കൈയ്യൊപ്പ് ഓരോ വികസനപദ്ധതിക്ക് പുറകിലും ഉണ്ട്. സിൽവർ ലൈൻ പദ്ധതിക്ക് വേണ്ട തുകയെക്കുറിച്ച് ഇപ്പോഴും സംശയം. ജൈക്കക്ക് വേണ്ടാത്ത ഉപകരണങ്ങൾ ഇറക്കുമതി ചെയ്യാനാണ് ആർക്കും വേണ്ടാത്ത പദ്ധതി. ഗുരുതരമായ അഴിമതിയും കമ്മിഷനുമാണ് ഇതിന് പിന്നിൽ. അഹങ്കാരവും ധിക്കാരവുമാണ് നിങ്ങളെ ബംഗാളിൽ ഇല്ലാതാക്കിയതെന്നും ചെന്നിത്തല തുറന്നടിച്ചു.
∙ എം.കെ.മുനീർ (മുസ്‌ലിം ലീഗ്)
കേരളത്തിന് സാമ്പത്തികമായി യോജിക്കുന്ന പദ്ധതിയല്ല സിൽവർ ലൈനെന്ന് മുസ്‍ലിം ലീഗ് നേതാവ് എം.കെ.മുനീർ പറഞ്ഞു. സിൽവർ ലൈൻ പദ്ധതിയല്ല, പ്രതിപക്ഷത്തിനു കേരളമാണ് പ്രധാനം. ജനങ്ങൾ കേരളത്തെ സിൽവർ ലൈനായി വിട്ടു കൊടുക്കില്ല. സർക്കാർ ആഗ്രഹിക്കുന്നതെല്ലാം നടപ്പിലാക്കാമെന്ന് വിചാരിക്കുന്നുണ്ടെങ്കിൽ വിഡ്ഢികളുടെ ലോകത്താണ് ജീവിക്കുന്നതെന്ന് പറയേണ്ടിവരും.
∙ പി.ജെ.ജോസഫ് (കേരള കോൺഗ്രസ് (ജോസഫ്)
വന്ദേഭാരത് ട്രെയിനുകളുടെ സാധ്യത സർക്കാര്‍ പരിശോധിക്കണമെന്ന് കേരള കോൺഗ്രസ് (ജോസഫ്) നേതാവ് പി.ജെ.ജോസഫ് പറഞ്ഞു. ട്രാക്കിലെ വളവുകൾ നികത്തിയാൽ അതിനു കഴിയും. കേരളത്തിൽ യാത്ര ഇപ്പോൾ ദുഷ്ക്കരം. എക്സ്പ്രസ് ഹൈവേ വന്നാൽ ഇത്രയും ചെലവില്ല. എക്സ്പ്രസ് ഹൈവേയുടെ സാധ്യതകളും സർക്കാർ പരിഗണിക്കണം.
∙ അനൂപ് ജേക്കബ് (കേരള കോൺഗ്രസ് (ജേക്കബ്)
സിൽവർ ലൈൻ പദ്ധതിക്കു പകരം മറ്റു പദ്ധതികളെക്കുറിച്ച് സർക്കാർ ആലോചിക്കണമെന്ന് കേരള കോൺഗ്രസ് (ജേക്കബ്) നേതാവ് അനൂപ് ജേക്കബ് ആവശ്യപ്പെട്ടു. കേരളത്തെ സാമ്പത്തിക ബാധ്യതയിലേക്ക് തള്ളിവിടുന്ന പദ്ധതിയാണ് സിൽവർ ലൈൻ. പദ്ധതി ജ്യോഗ്രഫിക്കൽ ബോംബാണ്. പദ്ധതിയുമായി മുന്നോട്ടു പോകരുത്.