കണ്ണൂർ: വീട്ടമ്മമാർ ഉൾപ്പെടെയുള്ളവരുടെ കടുത്ത പ്രതിഷേധത്തെത്തുടർന്ന് മുഖ്യമന്ത്രിയുടെ മണ്ഡലത്തിൽ ഉൾപ്പെട്ട ധർമടം പഞ്ചായത്തിൽ ഇന്നലെ സിൽവർലൈൻ സർവേ മുടങ്ങി. ഇന്നലെ 12 മണി മുതൽ 5 മണി വരെ കനത്ത പൊലീസ് സന്നാഹത്തോടെ കെ റെയിൽ ഉദ്യോഗസ്ഥർ പ്രദേശത്തു സർവേ നടത്താൻ ശ്രമിച്ചെങ്കിലും പ്രതിഷേധം കടുത്തതോടെ കല്ല് ഇടാനായില്ല. അതേസമയം, മുഴപ്പിലങ്ങാട് മേഖലയിൽ ഇന്നലെ സർവേ നടത്തി 17 കല്ലുകൾ സ്ഥാപിച്ചു. ഇതിൽ ഒരു കല്ല് പ്രതിഷേധക്കാരുടെ നേതൃത്വത്തിൽ പിഴുതെറിഞ്ഞു.
കെ റെയിൽ ഉദ്യോഗസ്ഥർ കല്ലിടാൻ അടയാളപ്പെടുത്തിയ സ്ഥലത്ത് പ്രായമായ വീട്ടമ്മമാർ ഇരിപ്പുറപ്പിക്കുന്ന വ്യത്യസ്തമായ സമരരീതി ആണ് ഇന്നലെ ധർമടത്തു നടന്നത്. കോൺഗ്രസ്, മുസ്‌ലിം ലീഗ്, ബിജെപി, എസ്ഡിപിഐ പ്രവർത്തകരും നാട്ടുകാരും സ്ഥലത്തു തടിച്ചുകൂടിയിരുന്നു. പൊലീസും പ്രതിഷേധക്കാരും തമ്മിൽ പലയിടത്തും ഉന്തും തള്ളുമുണ്ടായി. കെ റെയിൽ ഉദ്യോഗസ്ഥനു മർദനമേറ്റു. മാധ്യമപ്രവർത്തകർക്കു നേരെയും കയ്യേറ്റശ്രമം ഉണ്ടായി. ധർമടത്തു കുറ്റി സ്ഥാപിക്കാൻ കണ്ടെത്തിയ സ്ഥലം മാറ്റാൻ ഉദ്യോഗസ്ഥൻ ശ്രമിച്ചിട്ടും നാട്ടുകാർ അനുവദിച്ചില്ല.
തട്ടുകണ്ടി പ്രദേശത്ത് മത്സ്യത്തൊഴിലാളിയായ പാലയ്ക്കൽ ഷംസുദ്ദീനും ഭാര്യ അഫ്സത്തും രണ്ടു പെൺമക്കളും താമസിക്കുന്ന വീടിന്റെ മുറ്റത്തു കല്ലിടുമ്പോഴാണ് പ്രതിഷേധം രൂക്ഷമായത്. അഫ്സത്തും കുടുംബവും സർവേ തടഞ്ഞു. വനിതാ പൊലീസ് ഇവരെ പിടിച്ചു മാറ്റുന്നതിനിടെ രോഗിയായ അഫ്സത്ത് കുഴഞ്ഞു വീണു. ഓല മേഞ്ഞ കുടിലിൽ 18 വർഷത്തോളം കഴിഞ്ഞ ഈ കുടുംബം കഴിഞ്ഞ മാസമാണു പുതിയ വീടു നിർമിച്ചത്.
കല്ലിടാൻ അനുവദിക്കില്ലെന്നും തങ്ങളുടെ നെഞ്ചത്തു മാത്രമേ കുഴിയെടുക്കാൻ ആകൂ എന്നും നിലവിളിച്ചു പ്രതിഷേധിച്ച അഫ്സത്തിനെയും പെൺമക്കളെയും ബന്ധുക്കളെയും പൊലീസ് ഉദ്യോഗസ്ഥർ ബലം പ്രയോഗിച്ചു മാറ്റി. തുടർന്ന് അഫ്സത്തിന്റ മക്കളും മറ്റു കുടുംബാംഗങ്ങളും ചേർന്നു കുറ്റി പിഴുതെറിഞ്ഞു. കല്ലിടൽ തടഞ്ഞ മുഴപ്പിലങ്ങാട് പഞ്ചായത്ത് അംഗം പി.കെ.അർഷാദ്, സി.എം.നജീബ് എന്നിവരെയടക്കം 4 പേരെ എടക്കാട് പൊലീസ് കസ്റ്റഡിയിൽ എടുത്ത് കരുതൽതടങ്കലിലേക്കു മാറ്റി. ഇവരെ പിന്നീടു വിട്ടയച്ചു.
ഇതേസമയം, സിൽവർ ലൈൻ സമരത്തിലെ പൊലീസ് നടപടിയെ ന്യായീകരിച്ച സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് രാഷ്ട്രീയ ബോധം നഷ്ടപ്പെട്ടോയെന്ന് പരിശോധിക്കണമെന്നു സിപിഐ കോഴിക്കോട് ജില്ലാ കൗൺസിൽ യോഗത്തിൽ വിമർശനം ഉയർന്നു. സിൽവർ ലൈൻ പദ്ധതിക്കെതിരെയുള്ള ബഹുജന പ്രക്ഷോഭം കണ്ടില്ലെന്നു നടിക്കാൻ പാർട്ടിക്കു കഴിയുമോയെന്ന് അംഗങ്ങൾ ചോദിച്ചു. ജോലി തടസ്സപ്പെടുത്തിയതിന് ഏതെങ്കിലും പൊലീസ് ഉമ്മ വച്ചിട്ടുണ്ടോ എന്നു ചോദിച്ച കാനം രാജേന്ദ്രന്റെ പ്രസ്താവന കമ്യൂണിസ്റ്റ് നേതാവിന് ചേർന്നതാണോ എന്ന ചോദ്യവും അവർ ഉന്നയിച്ചു.