പലരിലും കണ്ട് വരുന്ന ചർമ്മ പ്രശ്നമാണ് മുഖക്കുരു. ഹോർമോണുകളുടെ പ്രവർത്തനസമയത്താണ് മുഖക്കുരു ഉണ്ടാകുന്നത്. കൗമാരപ്രായക്കാരിലാണ് മുഖക്കുരു അധികവും ഉണ്ടാകുന്നത്. ഇത് മുഖത്ത് ആഴത്തിലുള്ള പാടുകൾ ഉണ്ടാക്കും എന്നതിനാൽ പടരാതെ നോക്കേണ്ടത് പ്രധാനമാണ്. ആഗോള ജനസംഖ്യയുടെ 9.4 ശതമാനം ആളുകളെ ഈ രോഗം ബാധിക്കുന്നതായാണ് യുഎസ് നാഷണൽ ലൈബ്രറി ഓഫ് മെഡിസിനിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നത്. മുഖക്കുരു തടയാൻ വീട്ടിൽ തന്നെ ഈസിയായി പരീക്ഷിക്കാവുന്ന ഒരു ഫേസ് പാക്കിനെ കുറിച്ച് ഹൈദരാബാദിലെ കാമിനേനി ഹോസ്പിറ്റലിലെ സീനിയർ ഡെർമറ്റോളജിസ്റ്റായ ഡോ. കുന രാംദാസ് പറയുന്നു.
ഈ ഫേസ് പാക്ക് തയ്യാറാക്കാനായി വേണ്ടത് പ്രധാനമായി രണ്ട് ചേരുവകളാണ്. തേനും കറുവപ്പട്ടയും. മുഖക്കുരു തടയാൻ തേൻ ഫലപ്രദമായ പ്രകൃതിദത്ത മാർഗമാണ്. മുഖക്കുരുവിന്റെ രൂപം മെച്ചപ്പെടുത്താനും അവയുടെ ആവൃത്തി കുറയ്ക്കാനും കഴിയുന്ന ആൻറി ബാക്ടീരിയൽ ഗുണങ്ങൾ തേനിനുണ്ട്. ചുവപ്പ്, വീർത്ത മുഖക്കുരു, അതുപോലെ ബ്ലാക്ക്ഹെഡ്സ് എന്നിവ അകറ്റുന്നതിനും തേൻ ഗുണം ചെയ്യും.ആന്റിമൈക്രോബയൽ ഗുണങ്ങളുള്ള സംയുക്തങ്ങൾ കറുവപ്പട്ടയിൽ അടങ്ങിയിട്ടുണ്ട്. ഇത് മുഖക്കുരുവുമായി ബന്ധപ്പെട്ട ബാക്ടീരിയകളെ ചെറുക്കാൻ സഹായിക്കും. കറുവാപ്പട്ടയിൽ ആന്റി-ഏജിംഗ് ഘടകങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് പ്രായമാകുന്നതിന്റെ ലക്ഷണങ്ങളെ തടയാനും കുറയ്ക്കാനും സഹായിക്കുന്നു. ഇത് കൊളാജൻ ഉത്പാദനം വർദ്ധിപ്പിക്കുകയും കോശങ്ങളുടെ പുനരുജ്ജീവനത്തിന് സഹായിക്കുകയും ചെയ്യുന്നു. ഒരു ടീസ്പൂൺ തേനിലേക്ക് ഒരു ടീസ്പൂൺ കറുവപ്പട്ട പൊടിച്ചത് മിക്സ് ചെയ്ത് യോജിപ്പിച്ച് മുഖത്തിടുക. 15 മിനുട്ട് കഴിഞ്ഞ് തണുത്ത വെള്ളത്തിൽ മുഖം കഴുകുക. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഈ പാക്ക് ഇടാം.