ന്യൂഡൽഹി: ലോക് സഭ തെരഞ്ഞെടുപ്പ് ആറു ഘട്ടം പിന്നിടുമ്പോൾ ആറു ഘട്ടങ്ങളിലും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞ വിവാദ പരാമർശങ്ങൾ അക്കമിട്ട് നിരത്തുകയാണ് പ്രശസ്ത യൂട്യൂബർ ധ്രുവ് റാഠി. തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ നിരന്തരം വിദ്വേഷ പരാമർശങ്ങളും നുണകളും എഴുന്നള്ളിക്കുന്ന മോദിയുടെ ആറു പ്രസ്താവനകൾ സമൂഹ മാധ്യമമായ ‘എക്സി’ലാണ് ധ്രുവ് ചൂണ്ടിക്കാട്ടിയത്.
കോൺഗ്രസ് നിങ്ങളുടെ കെട്ടുതാലി വരെ പിടിച്ചെടുക്കുമെന്നായിരുന്നു തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ആദ്യഘട്ടത്തിലുള്ള മോദിയുടെ വിവാദ പരാമർശം. കോൺഗ്രസ് ഹിന്ദുക്കളുടെ സ്വത്തുക്കൾ മുസ്‍ലിംകൾക്ക് നൽകുമെന്ന് സൂചിപ്പിക്കാനായിരുന്നു മോദിയുടെ ഈ പ്രസ്താവന.
നിങ്ങൾക്ക് രണ്ട് പോത്തുക്കളുണ്ടെങ്കിൽ അതിലൊന്നിനെ പ്രതിപക്ഷം കൊണ്ട് പോകുമെന്നായിരുന്നു മോദിയുടെ രണ്ടാം ഘട്ടത്തിലെ പരാമർശം. നാലാം ഘട്ടത്തിൽ അദാനിയേയും അംബാനിയേയും കുറിച്ചാണ് മോദി പറഞ്ഞത്. അഞ്ചാം ഘട്ടത്തിൽ തനിക്ക് മാതാവ് ജന്മം നൽകിയിട്ടില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. ആറാം ഘട്ടത്തിൽ ഇൻഡ്യ സഖ്യം മുസ്‍ലിം വോട്ട്ബാങ്ക് ലക്ഷ്യമിട്ട് നൃത്തമാടുന്നുവെന്നായിരുന്നു മോദിയുടെ വിവാദ പരാമർശമെന്ന് ധ്രുവ് റാഠി പറയുന്നു.
അമ്മ തനിക്ക് ജന്മം നൽകിയിട്ടില്ലെന്ന് പറയുന്ന ഒരാൾ ഏതെങ്കിലുമൊരു രാജ്യത്തിന്റെ പ്രധാനമന്ത്രിയായിരിക്കാൻ മാനസികമായി യോഗ്യനാണോ എന്ന ചോദ്യവുമായി യൂട്യൂബർ ധ്രുവ് റാഠി കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. തന്റെ ഊർജം ജൈവികപരമല്ലെന്നും തന്നെ ദൈവം ഭൂമിയിലേക്ക് പറഞ്ഞയച്ചതാണെന്നുമുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവനക്കു പിന്നാലെയാണ് സമൂഹ മാധ്യമമായ ‘എക്സി’ൽ ധ്രുവ് റാഠി ചോദ്യമുന്നയിച്ചത്.
‘തന്റെ അമ്മ തനിക്ക് ജന്മം നൽകിയിട്ടില്ലെന്ന് ഒരാൾ പറയുകയാണ്. തന്റെ ജനനം ജൈവപരമായല്ല എന്ന് അയാൾ സ്വയം വിശ്വസിക്കുന്നു. അത്തരമൊരാൾ ഏതൊരു രാജ്യത്തിന്റെയും പ്രധാനമന്ത്രിയായിരിക്കാൻ മാനസികമായി യോഗ്യനാണോ?’ -ഇതായിരുന്നു ധ്രുവിന്റെ കുറിപ്പ്.