രാജവെമ്പാല വളരെ അധികം അപകടകാരിയായ പാമ്പാണ് എന്ന് പറയുന്നതിന് രണ്ടാമതൊന്ന് ആലോചിക്കുക പോലും വേണ്ട. അതിനാൽ തന്നെ ആ ഗണത്തിൽ പെട്ട പാമ്പുകളെ പേടിയില്ലാത്തവരായി അധികം ആരും കാണില്ല. മിക്കവരും പാമ്പിന്റെ പേര് കേൾക്കുമ്പോൾ തന്നെ ഭയന്നു പോകുന്നവരാണ്. എന്നാൽ, ഈ സോഷ്യൽ മീഡിയാ കാലത്ത് അങ്ങനെ അല്ലാത്ത ചില വീഡിയോകളും ചിത്രങ്ങളും നാം കാണാറുണ്ട്. ഇതും അത്തരത്തിൽ ഒന്നാണ്.
അതുകൊണ്ട് തന്നെ അധികം വൈകാതെ ഈ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി മാറുകയും ചെയ്തു. എത്രയൊക്കെ അപകടകരമാണ് എന്ന് പറഞ്ഞാലും ചില മനുഷ്യർ പാമ്പുകളുമായി അടുത്ത് ഇടപഴകാറുണ്ട്. ഈ വീഡിയോയിലെ കുട്ടിയും ചെയ്യുന്നത് അത് തന്നെയാണ്. ഒരു രാജവെമ്പാലയോട് പേടിയില്ലാതെ ഇടപഴകുന്ന ഒരു കുട്ടിയെയാണ് വീഡിയോയിൽ കാണാൻ സാധിക്കുന്നത്.
വീഡിയോയില്‍ എന്തെങ്കിലും അപകടം സംഭവിച്ചേക്കാം എന്ന കൂസലൊന്നുമില്ലാതെ കുട്ടി പാമ്പിന്റെ വാലിൽ പിടിച്ചിരിക്കുന്നത് കാണാം. എന്നാൽ, ആ സമയത്ത് പാമ്പ് ശാന്തമായി പെരുമാറുന്നതാണ് വീഡിയോയിൽ കാണുന്നത്. കുട്ടിയുടെ നിഷ്കളങ്കതയും രാജവെമ്പാലയുടെ ഭീകരതയും എല്ലാം ചേർന്ന് വീഡിയോ ആരെയും പേടിപ്പിക്കുന്ന ഒന്നാണ് എന്ന കാര്യത്തിൽ സംശയമില്ല.
പാമ്പിനെയോ, എന്തിന് പാമ്പിന്റെ ദൃശ്യങ്ങളോ കാണുമ്പോൾ തന്നെ ഭയപ്പെടുന്നവർക്ക് കാണാൻ പറ്റിയതല്ല ഈ വീഡിയോ എന്ന കാര്യത്തിൽ ഒരു സംശയവും വേണ്ട. വീഡിയോയുടെ കാപ്ഷനിൽ കുട്ടിക്ക് ആറ് വയസാണ് എന്നും ഉത്തര കന്നഡയിൽ നിന്നും ഉള്ള കുട്ടിയാണ് എന്നും വ്യക്തമാക്കുന്നുണ്ട്. നിരവധിപ്പേരാണ് വീഡിയോയ്ക്ക് കമന്റുമായി എത്തിയത്. ഇത് വളരെ അപകടം പിടിച്ച കാര്യമാണ് കുട്ടി ചെയ്യുന്നത് എന്ന് ചൂണ്ടിക്കാണിച്ചവരായിരുന്നു കമന്റിട്ടവരിൽ അധികം പേരും.