ന്യൂഡൽഹി> ലോക്‌സഭയിൽ ‘പുകബോംബ്’ പ്രതിഷേധം നടത്തിയ പ്രതികളുടെ പൊലീസ് കസ്‌റ്റഡി ജനുവരി നാല് വരെ നീട്ടി. ഡി മനോരഞ്‌ജൻ, സാഗർശർമ, അമോൽഷിൻഡെ, നീലംദേവി എന്നിവരുടെ കസ്‌റ്റഡി പട്യാല ഹൗസ് കോടതി പ്രത്യേകജഡ്‌ജി ഹർദീപ് കൗറാണ് നീട്ടിയത്. ഏഴുദിവസത്തെ പൊലീസ് കസ്‌റ്റഡി വ്യാഴാഴ്‌ച്ച പൂർത്തിയായ സാഹചര്യത്തിൽ നാല് പ്രതികളെയും കോടതിയിൽ ഹാജരാക്കുക ആയിരുന്നു.
പ്രതികൾക്ക് എതിരെ യുഎപിഎ ഉൾപ്പടെ ചുമത്തിയിരുന്നു. അതേസമയം, കേസുമായി ബന്ധപ്പെട്ട് രണ്ട് പേരെ കൂടി കസ്‌റ്റിഡിയിൽ എടുത്തിട്ടുണ്ട്. സായ്‌കൃഷ്‌ണ, അതുൽ കുൽശ്രേഷ്‌ഠ എന്നിവരെ ഉത്തർപ്രദേശിൽ നിന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ കസ്‌റ്റഡിയിൽ എടുത്തത്. സായ്‌കൃഷ്‌ണ കർണാടക ബാഗൽക്കോട്ടിലെ റിട്ട. ഡിഎസ്‌പിയുടെ മകനാണ്. ഇയാൾ ലോക്‌സഭയ്‌ക്കുള്ളിൽ കയറി പ്രതിഷേധിച്ച മനോരഞ്‌ജന്റെ അടുത്തസുഹൃത്താണ്. കസ്‌റ്റിഡയിൽ എടുത്ത രണ്ട് പേർക്കും ക്രിമിനൽപശ്‌ചാത്തലമില്ല. ഇരുവരും നേരത്തെ അറസ്‌റ്റിലായവരെ പോലെ ഭഗത്‌സിങ്ങിന്റെ ആശയങ്ങളെ പിന്തുടരുന്നവരാണ്. കസ്‌റ്റഡിയിൽ എടുത്തവരെ ചോദ്യംചെയ്യലിനായി അടുത്തദിവസം ഡൽഹിയിൽ എത്തിക്കും.