ന്യൂഡൽഹി∙ ബോളിവുഡ് താരം സുഷാന്ത് സിങ് രാജ്പുത്തിനെ അനുസ്മരിച്ച് കേന്ദ്ര വനിതാശിശുക്ഷേമ, ന്യൂനപക്ഷകാര്യ വകുപ്പ് മന്ത്രി സ്മൃതി ഇറാനി. അപ്രതീക്ഷിതമായി സുഷാന്തിന്റെ മരണവാർത്ത അറിഞ്ഞപ്പോഴുള്ള കാര്യങ്ങളും മറ്റും അടുത്തിടെ നൽകിയ ഒരു അഭിമുഖത്തിൽ സ്മൃതി പങ്കുവച്ചു. നീലേഷ് മിശ്രയുടെ ‘ദി സ്ലോ ഇന്റർവ്യൂ’ എന്ന അഭിമുഖത്തിലൂടെയാണ് അവർ തന്നെ ഉലച്ചുകളഞ്ഞ ആ ദുഃഖവാർത്തയെക്കുറിച്ച് വെളിപ്പെടുത്തിയത്.
സുഷാന്ത് മരിച്ച 2020 ജൂൺ 14നെക്കുറിച്ചാണ് സ്മൃതി പറഞ്ഞു തുടങ്ങിയത്. ‘‘അന്ന് ഞാനൊരു വിഡിയോ കോൺഫറൻസിൽ പങ്കെടുക്കുകയായിരുന്നു. നിരവധിപ്പേർ അതിൽ പങ്കെടുക്കുന്നുണ്ടായിരുന്നു. എന്നാൽ വാർത്ത അറിഞ്ഞതിനുശേഷം ഞാൻ തകർന്നുപോയി. പരിപാടി അവസാനിപ്പിക്കാൻ ഞാൻ ആവശ്യപ്പെട്ടു. എന്തുകൊണ്ടാണ് അവനെന്നെ വിളിക്കാതിരുന്നത് എന്നാണ് ഞാൻ ആലോചിച്ചത്. ഒരിക്കലെങ്കിലും എന്നെ വിളിക്കാമായിരുന്നു. ഞാനവനോടു പറഞ്ഞിരുന്നു… ആത്മഹത്യ ചെയ്യരുതെന്ന്.
വാർത്ത അറിഞ്ഞതിനു പിന്നാലെ സുഷാന്തിനൊപ്പം ‘കൈ പൊ ചെ’ എന്ന സിനിമയിൽ അഭിനയിച്ച അമിത് സാധിനെയാണ് ആദ്യം വിളിച്ചത്. അയാൾ അബദ്ധമൊന്നും കാണിക്കാതിരിക്കാനായിരുന്നു അത്. അമിത്തും സുഷാന്തിന്റെ മരണ വിവരം അറിഞ്ഞ് ഞെട്ടിയിരിക്കുകയായിരുന്നു. തനിക്കു ജീവിക്കണമെന്ന് ആഗ്രഹം ഇല്ലെന്നാണ് അമിത് പറഞ്ഞത്. അമിത് എന്നോടു പറഞ്ഞു താങ്കൾക്ക് ജോലിയില്ലേയെന്ന്, അയാൾ തകർന്നിരിക്കുകയാണെന്ന് എനിക്കു വ്യക്തമായി. നമുക്ക് സംസാരിക്കാമെന്ന മറുപടിയാണ് ഞാൻ നൽകിയത്’’ – അഭിമുഖത്തിൽ സ്മൃതി പറഞ്ഞു.
നേരത്തേ നൽകിയ അഭിമുഖങ്ങളിൽ സുഷാന്തിന്റെ മരണം തന്നെ ബാധിച്ചതായും സ്മൃതി ഇറാനിയാണ് ആ സമയത്തെ അഭിമുഖീകരിക്കാൻ സഹായിച്ചതെന്നും അമിത് വെളിപ്പെടുത്തിയിരുന്നു. ‘‘എന്റെ സ്ഥിതി അറിയാൻ അവർ പലപ്പോഴും വിളിച്ചിരുന്നു. എനിക്ക് പ്രശ്നമുണ്ടെന്ന് അവർ എങ്ങനെ മനസ്സിലാക്കിയെന്ന് അറിയില്ല. ഒരിക്കൽ ആറു മണിക്കൂറോളം അവരെന്നോടു സംസാരിച്ചു. ഈ ഇൻഡസ്ട്രിയിൽ ഇനി ജോലി ചെയ്യാനില്ലെന്നും മലനിരകളിലേക്കു പോകാൻ താൽപര്യപ്പെടുന്നുവെന്നും ഞാനവരോടു പറഞ്ഞിരുന്നു’’ – അമിത് അന്നു പറഞ്ഞു.