തിരുവനന്തപുരം: ‘ചെറിയ കേട് കാരണം വില്‍ക്കാന്‍ കഴിയാത്ത 200-ലധികം എല്‍സിഡി ടിവികള്‍/റഫിഫ്രജറേറ്റര്‍ ഞങ്ങള്‍ ഷിപ്പ് ചെയ്തിട്ടുണ്ട്. ഈ പോസ്റ്റ് ഷെയര്‍ ചെയ്യുകയും പേജില്‍ ‘ചെയ്തു’ എന്ന് കമന്റിടുകയും ചെയ്യുന്നവര്‍ക്ക് സൗജന്യമായി അവ നല്‍കും’– സമൂഹമാധ്യമങ്ങള്‍ വഴി പുതിയ തട്ടിപ്പിനിരയായി മലയാളികളും. സൗജന്യമായി ടിവിയും ഫ്രിഡ്ജും അടക്കം കിട്ടുമെന്ന ധാരണയില്‍ ഇതിനോടകം പതിനായിരങ്ങളാണ് വ്യാജന്‍മാരുടെ ലിങ്കില്‍ വിവരങ്ങള്‍ നല്‍കിയത്. ‘സാംസങ് ഫാന്‍സ്’ പേജിലാണ് ഇലക്ട്രോണിക് ഉല്‍പ്പന്നങ്ങള്‍ സൗജന്യമായി നല്‍കുന്നുവെന്ന പ്രചാരണം. ആപ്പിള്‍ ഫാന്‍സ് പേജില്‍ ഐ ഫോണുകള്‍ സൗജന്യമായി നല്‍കുന്നുവെന്ന പ്രചാരണവുമുണ്ട്.
ഏപ്രില്‍ മൂന്നിന് രൂപംനല്‍കിയ സാംസങ് ഫാന്‍സ് എന്ന പേജില്‍ ആകെ മൂന്ന് പോസ്റ്റുകളാണുള്ളത്. ഇതിനോടകം അയ്യായിരത്തില്‍ അധികം ഫോളോവേഴ്സും പേജിനുണ്ട്. ഇന്ത്യയിലും വിദേശത്തുമുള്ളവര്‍ ടിവി കൈപ്പറ്റിയതിന് തെളിവായി ചിത്രങ്ങളും പേജിലുണ്ട്. പതിനെട്ടായിരത്തോളം ഷെയറുകളും മൂവായിരത്തിഅഞ്ഞൂറോളം കമന്റുകളുമാണ് പോസ്റ്റിന് ലഭിച്ചത്. പുതിയ മോഡല്‍ കാറുകള്‍വരെ ഇത്തരത്തില്‍ നല്‍കുമെന്നാണ് വാഗ്ദാനം.
ഷെയറും കമന്റും ആവശ്യപ്പെട്ട് സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന പോസ്റ്റുകള്‍ സൂക്ഷിക്കണമെന്ന് പൊലീസും അറിയിച്ചിട്ടുണ്ട്. ‘ഓരോന്ന് എടുക്കട്ടെ’ എന്ന തലക്കെട്ടില്‍ തയ്യാറാക്കിയ ട്രോള്‍ പോസ്റ്റര്‍ കേരള പൊലീസിന്റെ ഔദ്യോഗിക നവ മാധ്യമ അക്കൗണ്ടുകളില്‍ പോസ്റ്റ് ചെയ്താണ് മുന്നറിയിപ്പ് നല്‍കിയത്.