മലപ്പുറം: കോൺഗ്രസിന്‍റെ മൃദു ഹിന്ദുത്വം കൊണ്ട് ബി.ജെ.പിയുടെ തീവ്രഹിന്ദുത്വത്തെ നേരിടാനാവില്ലെന്ന് സി.പി.എം പൊളിറ്റ്ബ്യൂറോ അംഗം ബൃന്ദ കാരാട്ട്. മലപ്പുറത്ത് ഇ.എം.എസിന്‍റെ ലോകം ദേശീയ സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ.
മതപരമായ ചിഹ്നങ്ങൾ കോൺഗ്രസ് രാഷ്ട്രീയ പ്രചാരണത്തിന് ഉപയോഗിക്കുമ്പോൾ ഹിന്ദുത്വശക്തികളുടെ സ്വീകാര്യത വർധിക്കുകയാണ് ചെയ്യുക. ബി.ജെ.പിയും ആർ.എസ്.എസും രാജ്യത്തെ രാഷ്ട്രീയും മതവും വേർത്തിരിച്ചറിയാനാവാത്തതാക്കിക്കഴിഞ്ഞു. ന്യൂനപക്ഷങ്ങൾക്കെതിരായ അതിക്രമം വർധിച്ചുവരുന്നു.
ഈ സാഹചര്യത്തിൽ ഭരണഘടനയും മതേതരത്വവും സംരക്ഷിക്കാൻ വിട്ടുവീഴ്ചയില്ലാത്ത പേരാട്ടമാണ് ആവശ്യം. ഹിന്ദുത്വത്തെ ചെറുക്കുന്നതിൽ കേരളമാണ് മാതൃക. രാജ്യത്തിന്‍റെ വളർച്ച നിരക്ക് പിന്നോട്ട് പോകുമ്പോഴും ബി.ജെ.പിയുടെ നുണ ഫാക്ടറി വളരുകയാണെന്ന് ബൃന്ദ കാരാട്ട് പറഞ്ഞു.
അതിന് തെളിവാണ് കേരള സ്റ്റോറി എന്ന സിനിമ. അവശ്യസാധനങ്ങൾക്ക് നികുതി ഇളവ് നൽകാത്ത ബി.ജെ.പി സർക്കാറാണ്, വെറുപ്പ് പ്രചരിപ്പിക്കാൻ നിർമ്മിച്ച സിനിമക്ക് നികുതി ഒഴിവാക്കികൊടുക്കുന്നത്. നരേന്ദ്ര മോദിയുടെ ഏകാംഗ പ്രകടനമാണ് രാജ്യത്ത് നടക്കുന്നതെന്നും ബൃന്ദ കാരാട്ട് പറഞ്ഞു.