ദില്ലി: കൈക്കൂലി വാങ്ങിയതിന് സൈനികരെ സിബിഐ അറസ്റ്റ് ചെയ്തു. നാസിക്കിലെ ആർമി ഏവിയേഷൻ സ്കൂളിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. മേജർ റാങ്കിലുള്ള എൻജിനീയർ ഹിമാൻഷൂ മിശ്ര, ജൂനിയർ എൻജിനീയർ മിലിന്ദ് വടിലെ എന്നിവരെയാണ് കയ്യോടെ പിടികൂടിയത്.
ഏവിയേഷൻ സ്കൂളിൽ നിർമ്മാണ പ്രവർത്തികൾ നടത്തിയ കോൺട്രാക്ടറോട് ബില്ലുകൾ മാറാൻ ഒരു ലക്ഷത്തി ഇരുപതിനായിരം രൂപ കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു. അഴിമതി വെച്ചു പൊറുപ്പിക്കില്ലെന്നും സിബിഐയുമായി അന്വേഷണത്തിൽ പൂർണമായി സഹകരിച്ചെന്നും സൈന്യം വ്യക്തമാക്കി.
അറസ്റ്റിലായവർക്കെതിരെ കടുത്ത നടപടിയെടുക്കും എന്ന് സൈന്യം അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട ആർമിയുടെ വാർത്താക്കുറിപ്പും എത്തിയിട്ടുണ്ട്. അഴിമതിക്കൊപ്പം സൈന്യം ഒരിക്കലും നിൽക്കില്ലെന്നും അഴിമതി വച്ചുപൊറുപ്പിക്കില്ലെന്നും വാർത്താക്കുറിപ്പിൽ പറയുന്നു. ഇത്തരത്തിൽ നിയമവിരുദ്ധമായ പ്രവർത്തികൾ നടത്തുന്ന സൈനികർക്കെതിരെ മുഖം നോക്കാതെ കടുത്ത നടപടി തന്നെ സൈന്യത്തിന്റെ ഭാഗത്തു നിന്ന് ഉണ്ടാകുമെന്നും ഔദ്യോഗിക വാർത്താക്കുറിപ്പിൽ പറയുന്നു.