ദില്ലി : കോവിഡ് ബാധിതര്‍ക്ക് ഇന്ത്യയില്‍ ഇപ്പോള്‍ നിര്‍ദ്ദേശിക്കുന്ന ഐസൊലേഷന്‍ കാലാവധി ഏഴ് ദിവസമായി കുറച്ചിരുന്നു. യുകെ പോലുള്ള ചില രാജ്യങ്ങളില്‍ ഇത് അഞ്ച് ദിവസമാണ്. എന്നാല്‍ കോവിഡ് ബാധിതരായ ചില രോഗികള്‍ക്ക് 10 ദിവസം കഴിഞ്ഞാലും മറ്റുള്ളവരിലേക്ക് വൈറസ് പടര്‍ത്താന്‍ കഴിയുമെന്ന് യുകെയിലെ എക്സെറ്റര്‍ സര്‍വകലാശാല നടത്തിയ ഗവേഷണ പഠനം വെളിപ്പെടുത്തുന്നു. 176 പേരില്‍ നടത്തിയ പഠനത്തില്‍ 13 ശതമാനത്തിനും 10 ദിവസങ്ങള്‍ക്ക് ശേഷവും ഉയര്‍ന്ന വൈറല്‍ ലോഡ് ഉണ്ടായിരുന്നതായി ഗവേഷണ റിപ്പോര്‍ട്ട് പറയുന്നു. മറ്റുള്ളവര്‍ക്ക് രോഗമുണ്ടാക്കാന്‍ തക്കതായിരുന്നു ഇവരിലെ വൈറല്‍ ലോഡ്. ഇതില്‍ ചിലരില്‍ 68 ദിവസം വരെ ഉയര്‍ന്ന വൈറല്‍ ലോഡ് തുടര്‍ന്നു. സ്വയം ഐസൊലേഷന്‍ ചെയ്യാനുള്ള കാലാവധി കുറയ്ക്കുന്നത് കൂടുതല്‍ പേര്‍ക്ക് രോഗമുണ്ടാകാനുള്ള സാഹചര്യം ഒരുക്കുമെന്ന് ഈ പഠനത്തിന്‍റെ വെളിച്ചത്തില്‍ വാര്‍വിക് സര്‍വകലാശാലയിലെ മോളിക്കുലര്‍ ഓങ്കോളജി പ്രഫസര്‍ ലോറന്‍സ് യങ് പറയുന്നു.
എന്നാല്‍ യഥാര്‍ഥ കൊറോണ വൈറസ് പടര്‍ന്നിരുന്ന 2020ല്‍ ശേഖരിക്കപ്പെട്ട സാംപിളുകള്‍ ഉപയോഗിച്ചാണ് ഈ പഠനം നടത്തിയിരിക്കുന്നത്. വ്യത്യസ്ത വ്യാപന ശേഷിയും ഇന്‍ക്യുബേഷന്‍ കാലാവധിയുമൊക്കെയുള്ള ഡെല്‍റ്റയും ഒമിക്രോണും ഒക്കെ പ്രബലമായ നിലവിലെ സാഹചര്യത്തില്‍ ഈ പഠനത്തിന് എത്ര മാത്രം പ്രസക്തിയുണ്ടെന്ന ചോദ്യം ഉയരുന്നുണ്ട്. രോഗിയില്‍ നിന്ന് പുറത്ത് വരുന്ന വൈറസിന്‍റെ തോത്, രോഗിയുടെ ലക്ഷണങ്ങളുടെ തീവ്രത, സമ്പര്‍ക്കത്തിലുള്ളവരുടെ പ്രതിരോധശേഷി തുടങ്ങി പല ഘടകങ്ങളെ അടിസ്ഥാനമാക്കിയാണ് ഒരു കോവിഡ് രോഗിയുടെ വ്യാപനശേഷിയെന്ന് ഈസ്റ്റ് ആംഗ്ലിയ സര്‍വകലാശാലയിലെ മെഡിസിന്‍ പ്രഫസര്‍ പോള്‍ ഹണ്ടര്‍ ചൂണ്ടിക്കാണിക്കുന്നു. ഇന്‍റര്‍നാഷണല്‍ ജേണല്‍ ഓഫ് ഇന്‍ഫെക്‌ഷ്യസ് ഡിസീസിലാണ് ഗവേഷണ ഫലം പ്രസിദ്ധീകരിച്ചത്.