വർക്കല: ചെമ്മരുതി ഏണാർവിള കോളനിയിൽ കല്ലുവിളവീട്ടിൽ സത്യൻ(65) കൊല്ലപ്പെട്ടത് മകന്‍റെ അടിയേറ്റാണെന്ന് പോലീസ്. മദ്യപിച്ചുണ്ടായ കലഹത്തെ തുടർന്ന് മൂത്ത മകൻ സതീഷാണ് ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയതത്രെ. ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു.
സത്യൻ പതിവായി മദ്യപിച്ചെത്തി വീട്ടിൽ കലഹമുണ്ടാക്കിയിരുന്നു. ഞായറാഴ്ചയും വഴക്കുണ്ടാക്കിയ സത്യൻ മകനെ ചുറ്റിക കൊണ്ട് അടിക്കുകയും വെട്ടുകത്തി കഴുത്തിൽ വച്ച് കൊല്ലാൻ ശ്രമിക്കുകയും ചെയ്തവത്രെ. ആക്രമണത്തിൽ നിന്നും രക്ഷപ്പെടാനായി മകൻ അച്ഛന്‍റെ തലയ്ക്കടിച്ചതാണ് മരണത്തിന് കാരണമായത്.
മരണത്തിൽ അസ്വാഭാവികതയുണ്ടെന്ന് നാട്ടുകാർ പോലീസിന് മൊഴി നൽകിയിരുന്നു. പോസ്റ്റുമോർട്ടം, ഫോറൻസിക് പരിശോധനകളുടെയും മൊഴിയുടെയും അടിസ്ഥാനത്തിലാണ് മരണം കൊലപാതകമാണെന്ന് പോലീസ് കണ്ടെത്തിയത്. സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ: ഞായറാഴ്ച വൈകീട്ട് നാലരയോടെയാണ് പ്രശ്നത്തിന്‍റെ തുടക്കം. പതിവുപോലെ മദ്യപിച്ച് വീട്ടിലെത്തിയ സത്യൻ കലഹമുണ്ടാക്കി. വീടിനുള്ളിൽ കിടന്നുറങ്ങിയ മകൻ സതീഷുമായി (30) വഴക്കുണ്ടാക്കുകയും ചെയ്തു. മകനെ ചുറ്റികകൊണ്ട് അടിക്കുകയും വെട്ടുകത്തി കഴുത്തിൽ വച്ചു കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ജീവഹാനി ഭയന്ന് മകൻ സത്യന്‍റെ കഴുത്ത് പിടിച്ചുഞെരിക്കുകയും ചുറ്റിക കൊണ്ട് തലയ്ക്ക് അടിക്കുകയും ചെയ്തു. പിടിച്ചു തള്ളിയതോടെ വാതിൽ പടിയിലെ ചെങ്കല്ലിന് മേൽ സത്യൻ വീഴുകയായിരുന്നുവത്ര. തുടർന്ന് ബോധം നഷ്ടപ്പെട്ട സത്യനെ അയൽക്കാരും നാട്ടുകാരും ചേർന്നു ആശുപത്രിയിൽ എത്തിക്കുമ്പോഴേക്കും മരണപ്പെട്ടു.
നാട്ടുകാർ തന്നെയാണ് പോലീസിലും ഇക്കാര്യങ്ങൾ അറിയിച്ചത്. സംഭവം നടക്കുമ്പോൾ സത്യന്‍റെ ഭാര്യ ശോഭന വീട്ടിൽത്തന്നെ ഉണ്ടായിരുന്നു. വഴക്ക് പതിവായതിനാൽ ഇക്കാര്യം ശ്രദ്ധിക്കാതെ വീടിന് പിറകിൽ ഇരുന്ന് അവർ പാത്രങ്ങൾ കഴുകുകയായിരുന്നു. മൃതശരീരം പാരിപ്പള്ളി മെഡിക്കൽ കോളജിൽ പോസ്റ്റുമോർട്ടം നടത്തി. ചുറ്റിക കൊണ്ട് അടിച്ചു തലയോട്ടി പിളർന്നതും കഴുത്തു ഞെരിച്ചതും ആണ് മരണ കാരണമെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നത്. സംഭവത്തിൽ പ്രഥമദൃഷ്ട്യാ തന്നെ ദുരൂഹത മണത്ത പോലീസ് സതീഷിനെ കസ്റ്റഡിയിലെടുത്തിരുന്നു. വിശദമായ ചോദ്യം ചെയ്യലിന് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കൊല നടത്താനുപയോഗിച്ച വെട്ടുകത്തിയും ചുറ്റികയും പോലീസ് കണ്ടെടുത്തു.സത്യനും മകനും വാർക്കപ്പണിയുമായി ബന്ധപ്പെട്ടുള്ള തട്ട് പണിക്കാരാണ്. അച്ഛനും മകനും മദ്യപിച്ച് സ്ഥിരമായി വഴക്കുണ്ടാക്കാറുണ്ടെന്നാണ് അയൽവാസികൾ പറയുന്നത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.