തൃശൂർ: കുടുംബകലഹത്തെ തുടർന്നു മാതാപിതാക്കളെ മകൻ നടുറോഡിൽ വെട്ടിക്കൊലപ്പെടുത്തി. മറ്റത്തൂർ ഇഞ്ചക്കുണ്ട് കുണ്ടിൽ സുബ്രൻ (കുട്ടൻ–68), ഭാര്യ ചന്ദ്രിക (62) എന്നിവരാണു കൊല്ലപ്പെട്ടത്. ക്രൂരകൃത്യത്തിനു ശേഷം ബൈക്കിൽ കടന്ന മകൻ അനീഷ് (38) പുലർച്ചെ രണ്ടുമണിക്ക് കീഴടങ്ങി. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി. നാളുകളായി ഇവരുടെ വീട്ടിൽ കലഹം തുടരുന്നുണ്ടെങ്കിലും ഇന്നലെ രാവിലെ വീട്ടുമുറ്റത്തു മാവിൻതൈ നടാൻ സുബ്രനും ചന്ദ്രികയും ശ്രമിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കമാണു കൃത്യത്തിലേക്കു നയിച്ചത്.
സംഭവത്തെക്കുറിച്ചു പൊലീസിനു ലഭിച്ച വിവരങ്ങളിങ്ങനെ: ബന്ധങ്ങളിലെ ഉലച്ചിലും സ്വത്തു തർക്കവും കാരണം ഇവരുടെ വീട്ടിൽ കലഹം പതിവായിരുന്നു. ഇതുമായി ബന്ധപ്പെട്ടു വെള്ളിക്കുളങ്ങര പൊലീസ് സ്റ്റേഷനിൽ പരാതികളും നിലനിൽക്കുന്നുണ്ട്. ഇന്നലെ രാവിലെ 9 മണിയോടെ വീട്ടുമുറ്റത്തു മാവിൻതൈ നടാൻ ചന്ദ്രിക ശ്രമിച്ചപ്പോൾ അനീഷ് തടയാൻ ശ്രമിച്ചു. സുബ്രനും ഇടപെട്ടതോടെ തർക്കമായി. ചന്ദ്രികയുടെ കൈവശമുണ്ടായിരുന്ന തൂമ്പയെടുത്ത് അനീഷ് ഇരുവരെയും ആക്രമിച്ചു. ഇവർ നിലവിളിച്ചതോടെ അനീഷ് വീട്ടിൽ കയറി വെട്ടുകത്തിയെടുത്തു.
നിലവിളിച്ച് റോഡിലേക്ക് ഓടിയ ചന്ദ്രികയെയാണ് ആദ്യം വെട്ടിവീഴ്ത്തിയത്. തുടർന്നു സുബ്രനെയും വെട്ടി. സുബ്രന്റെ കഴുത്ത് ഏറെക്കുറെ അറ്റ നിലയിലാണ്. പള്ളിയിൽ പോയി മടങ്ങുകയായിരുന്ന പ്രദേശവാസികൾക്കു മുൻപിലായിരുന്നു ദാരുണ സംഭവം. ഈ സമയം വീട്ടിൽ അനീഷിന്റെ സഹോദരി ആശയും കുട്ടിയുമുണ്ടായിരുന്നു.