ദില്ലി : രമേശ് ചെന്നിത്തല ഇന്ന് സോണിയ ഗാന്ധിയുമായികൂടിക്കാഴ്ച നടത്തും. നേതൃത്വത്തിലെ തമ്മിലടിയും പുനഃസംഘടന മുടങ്ങിയതും ചെന്നിത്തല ആയുധമാക്കിയേക്കും. കെ സി വേണുഗോപാല്‍, വി ഡി സതീശന് ഗ്രൂപ്പുകള്‍ ഉന്നയിച്ച പരാതികളില്‍ ചെന്നിത്തല തന്റെ ഭാഗം ന്യായീകരിക്കും. കെ സി വേണുഗോപാലിന്റെ അനാവശ്യ ഇടപെടലുകളെ കുറിച്ചും ചെന്നിത്തല പരാതിപ്പെട്ടേക്കും. ഐഎൻടിയുസി കലാപത്തിനും മാണി സി കാപ്പൻ്റെ പ്രതിഷേധത്തിനും പിന്നിൽ ചെന്നിത്തലയാണെന്ന പരാതി വി ഡി സതീശൻ വിഭാഗവും കേന്ദ്ര നേതൃത്വത്തെ ധരിപ്പിച്ചിട്ടുണ്ട്. രമേശ് ചെന്നിത്തലക്കെതിരെ ഹൈക്കമാന്റിന് നിരവധി പരാതികൾ ലഭിച്ചിരുന്നു. കൂടാതെ ചെന്നിത്തലയ്ക്കെതിരെ അച്ചടക്ക നടപടി ആവശ്യപ്പെട്ട് സോണിയ ഗാന്ധിക്ക് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി സാജു ഖാനും പരാതി നല്‍കിയിരുന്നു.
ഇതിനിടെ സംഘടനാ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിനെ രമേശ് ചെന്നിത്തല സാമൂഹ്യ മാധ്യമങ്ങൾ വഴി അപമാനിക്കുന്നെന്ന് ചൂണ്ടിക്കാട്ടി തിരുവനന്തപുരം മുൻ ഡിസിസി പ്രസിഡൻ്റ് നെയ്യാറ്റിൻകര സനലും ഹൈക്കമാന്റിനെ സമീപിച്ചിരുന്നു. അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷം ആസൂത്രിത ആക്രമണം നടന്നെന്നും ചെന്നിത്തലയ്ക്ക് എതിരെ നടപടി വേണമെന്നും സോണിയാ ഗാന്ധിക്ക് നൽകിയ കത്തിൽ അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.